ദില്ലി : പതിറ്റാണ്ടുകളായി തുടരുന്ന അതിർത്തി തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ഭാരതവും ചൈനയും ഒരുങ്ങുന്നു. നിലവിലെ യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് പകരം സ്ഥിരമായ അതിർത്തി നിർണയിക്കുന്നതിനുള്ള നടപടികൾക്ക് ഇരുരാജ്യങ്ങളും തുടക്കമിട്ടതായാണ് സൂചന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായകമായ ഈ തീരുമാനം കൈക്കൊണ്ടത്.
ഇരു രാജ്യങ്ങളും ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, സമാധാനപരമായ പരിഹാരത്തിനുള്ള നാല് ഘട്ടങ്ങളുള്ള ഒരു രൂപരേഖയാണ് നിലവിൽ തയ്യാറാക്കിയിരിക്കുന്നത്.
- ആദ്യ ഘട്ടത്തിൽ, വിദേശകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു വിദഗ്ദ്ധ സമിതിയെ രൂപീകരിക്കും.
- രണ്ടാമതായി, അതിർത്തിയിലെ തർക്കങ്ങളില്ലാത്ത പ്രദേശങ്ങൾ ഇരുഭാഗത്തുനിന്നും കണ്ടെത്തി രേഖപ്പെടുത്തും.
- തുടർന്ന്, തർക്കമില്ലാത്ത ഈ പ്രദേശങ്ങളെ അതിർത്തിയായി ഔദ്യോഗികമായി പ്രഖ്യാപിക്കും.
- നാലാമത്തെയും അവസാനത്തെയും ഘട്ടത്തിൽ, പുതിയ അതിർത്തികൾ അടയാളപ്പെടുത്തി തൂണുകൾ സ്ഥാപിക്കും.
ഈ നീക്കത്തിലൂടെ ഇരുരാജ്യങ്ങൾക്കുമിടയിൽ പരസ്പര വിശ്വാസം വർദ്ധിപ്പിക്കാനും, 2020ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം തുടരുന്ന സൈനിക സാന്നിധ്യം കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചർച്ചകളുടെ പുരോഗതിക്കനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാ സന്ദർശനത്തിന്റെ അജണ്ട തീരുമാനിക്കും.
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 31-ന് ചൈന സന്ദർശിക്കാനിരിക്കെയാണ് ഈ നീക്കം. കൂടാതെ, അമേരിക്കയുടെ ഭാഗത്തുനിന്നുള്ള വ്യാപാര ഭീഷണികളും, മാറുന്ന ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ഇന്ത്യയെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്നത് ബുദ്ധിയല്ലെന്ന തിരിച്ചറിവ് ചൈനയ്ക്ക് നൽകിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ

