Friday, December 19, 2025

ജയിലിൽക്കിടന്ന് ആരും ഭരിക്കേണ്ട!130-ാം ഭരണഘടനാ ഭേദഗതി ബിൽ അഴിമതിക്കെതിരെ പോരാടുന്നതിനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗയാജി (ബിഹാർ): ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന മന്ത്രിമാരെ പദവിയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള 130-ാം ഭരണഘടനാ ഭേദഗതി ബില്ലിൽ ശക്തമായ നിലപാടുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയിലിൽക്കിടന്ന് ആരും ഭരിക്കേണ്ടെന്നും അഴിമതിക്കെതിരേ പോരാടുന്നതിനാണ് അത്തരം നിയമനിര്‍മാണം അവതരിപ്പിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.. അഞ്ചോ അതിലധികമോ വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായി മുപ്പതുദിവസം ജയിലിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള മന്ത്രിമാരെ പുറത്താക്കാൻ വ്യവസ്ഥ ചെയ്യുന്ന 130-ാം ഭരണഘടനാ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ആദ്യ പരസ്യപ്രതികരണമാണിത്. ബിഹാറിലെ ഗയാജിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ബില്ല് കൊണ്ടുവന്നതില്‍ ഞെട്ടിയത് അഴിമതിക്കാരാണ്. ബില്‍ പാസായാല്‍ ഇത്തരം അഴിമതിക്കാരുടെ മന്ത്രിസ്ഥാനം പോകും. അറസ്റ്റ് ചെയ്യപ്പെട്ടാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു സാധാരണ സര്‍ക്കാര്‍ ജീവനക്കാരന്റെ ജോലി നഷ്ടപ്പെടും, ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ പ്രധാനമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും സ്ഥാനമൊഴിയാന്‍ എന്തുകൊണ്ട് നിര്‍ബന്ധിച്ചുകൂടാ

ഇന്ന് ആരും നിയമത്തിന് അതീതരായിരിക്കരുത്. എന്നാല്‍ ചില മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, അല്ലെങ്കില്‍ പ്രധാനമന്ത്രിമാര്‍ പോലും ജയിലില്‍ കഴിയുമ്പോള്‍ അധികാരം ആസ്വദിക്കുന്നു. അതെങ്ങനെ സാധ്യമാകും? ഒരു സര്‍ക്കാര്‍ ജീവനക്കാരനെ 50 മണിക്കൂര്‍ തടവിലാക്കിയാല്‍, അയാള്‍ക്ക് ജോലി നഷ്ടപ്പെടും. അത് ഡ്രൈവറായാലും ക്ലാര്‍ക്കായാലും പ്യൂണായാലും എല്ലാം. എന്നാല്‍, ഒരു മുഖ്യമന്ത്രിക്കോ മന്ത്രിക്കോ പ്രധാനമന്ത്രിക്കോ ജയിലില്‍ നിന്നുപോലും സര്‍ക്കാരിന്റെ ഭാഗമായി തുടരാന്‍ സാധിക്കും.

കുറച്ചുകാലം മുമ്പ്, ജയിലില്‍നിന്ന് ഫയലുകള്‍ ഒപ്പിടുന്നതും സര്‍ക്കാര്‍ ഉത്തരവുകള്‍ ജയിലില്‍നിന്ന് നല്‍കുന്നതും നമ്മള്‍ കണ്ടു. നേതാക്കള്‍ക്ക് അത്തരമൊരു മനോഭാവമുണ്ടെങ്കില്‍, നമുക്ക് എങ്ങനെ അഴിമതിക്കെതിരെ പോരാടാനാകും. എന്‍ഡിഎ സര്‍ക്കാര്‍ അഴിമതിക്കെതിരെ ഒരു നിയമം കൊണ്ടുവന്നിട്ടുണ്ട്, പ്രധാനമന്ത്രിയും അതിന്റെ പരിധിയില്‍ വരും”- പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ഭരണഘടനാ (130-ാം ഭേദഗതി) ബിൽ, ഗവൺമെന്റ് ഓഫ് യൂണിയൻ ടെറിട്ടറീസ് (ഭേദഗതി) ബിൽ 2025, ജമ്മു കശ്മീർ പുനഃസംഘടനാ (ഭേദഗതി) ബിൽ 2025 എന്നിവ ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചത്. ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞും അതിരൂക്ഷമായ വിമർശനം ഉന്നയിച്ചും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. തുടർന്ന്, 130-ാം ഭരണഘടന ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിടാൻ തീരുമാനിച്ചു. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ജെപിസി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles