കാബൂൾ: അഫ്ഗാനിസ്താനിൽ അടുത്തിടെയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ താലിബാൻ ഭരണകൂടത്തിൻ്റെ കർശന നിയമങ്ങൾ കാരണം സ്ത്രീകൾ ദുരിതത്തിലായതായി റിപ്പോർട്ട്. ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ പരിമിതമായ സൗകര്യങ്ങൾ കാരണം രക്ഷാപ്രവർത്തകർക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. എന്നാൽ ഇതിനിടെ താലിബാൻ ഏർപ്പെടുത്തിയ അന്യ പുരുഷന്മാർ സ്ത്രീകളെ സ്പർശിക്കരുതെന്ന നിയമം കാരണം ദുരന്തത്തിൽ അകപ്പെട്ട സ്ത്രീകളെ സ്പർശിക്കാനോ രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാനോ പുരുഷന്മാർക്ക് കഴിഞ്ഞില്ല എന്നാണ് വിവരം. താലിബാൻ സ്ത്രീകളെ പൊതു ഇടങ്ങളിൽ നിന്നും ജോലിയിൽ നിന്നും വിലക്കിയതിനാൽ ദുരന്തമേഖലയിൽ വനിതാ ആരോഗ്യപ്രവർത്തകരോ രക്ഷാപ്രവർത്തകരോ ഉണ്ടായിരുന്നില്ല. ഇത് സ്ത്രീകളെ സഹായിക്കാനുള്ള ശ്രമങ്ങൾക്ക് വലിയ വെല്ലുവിളിയായി.
റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2,200-ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 3,600-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. താലിബാൻ ഭരണത്തിന് കീഴിൽ സ്ത്രീകൾക്ക് വൈദ്യവിദ്യാഭ്യാസമുൾപ്പെടെ നിഷേധിച്ചതോടെയാണ് രാജ്യത്ത് വനിതാ ആരോഗ്യപ്രവർത്തകരും രക്ഷാപ്രവർത്തകരും ഇല്ലാതായത്.
ഗുരുതരമായി പരിക്കേറ്റവരെ ചികിത്സിക്കുന്നതിലും വിവേചനം കാണിച്ചതായി റിപ്പോർട്ടുകളുണ്ട്. പുരുഷന്മാരെയും കുട്ടികളെയും ആദ്യം ചികിത്സിച്ചപ്പോൾ, സ്ത്രീകൾക്ക് ചികിത്സ ലഭിക്കുന്നതിനായി ഏറെനേരം കാത്തിരിക്കേണ്ടിവന്നു. ദുരന്തസമയത്ത് പോലും പ്രാകൃതമായ നിയമങ്ങൾ പാലിക്കാൻ നിർബന്ധിതരായതോടെ രക്ഷാപ്രവർത്തനങ്ങൾ വലിയ പ്രതിസന്ധിയിലായി. സ്ത്രീകളെ മാറ്റിനിർത്തിയുള്ള ഈ സമീപനം രാജ്യത്തിൻ്റെ പുനർനിർമ്മാണത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും വലിയ തടസ്സമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

