Friday, December 12, 2025

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണിൽ സംസാരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ !യുക്രെയ്ൻ -റഷ്യ യുദ്ധത്തിലെ സമാധാനശ്രമങ്ങളെക്കുറിച്ച് സുപ്രധാന ചർച്ച നടന്നതായി നേതാക്കൾ

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണിൽ സംസാരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. യുക്രെയ്നിലെ സംഘർഷങ്ങൾക്ക് അറുതി വരുത്തുന്നതിനുള്ള സമാധാനശ്രമങ്ങളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി. യുക്രെയ്നൻ വിഷയത്തിൽ ഇന്ത്യയ്ക്ക് നിർണ്ണായക പങ്ക് വഹിക്കാനാകുമെന്ന് യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള ലോകശക്തികൾ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ഈ നിർണ്ണായക കൂടിക്കാഴ്ച നടന്നത്.

“ഇന്ത്യ-ഫ്രാൻസ് ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതി ഞങ്ങൾ വിലയിരുത്തി. യുക്രെയ്നിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ആഗോള സമാധാനവും സ്ഥിരതയും വളർത്തുന്നതിൽ ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തം ഒരു പ്രധാന പങ്ക് വഹിക്കും.”- പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.

“യുക്രെയ്നിൽ ശാശ്വതമായ സമാധാനം സ്ഥാപിക്കുന്നതിൽ ഇന്ത്യയും ഫ്രാൻസും ദൃഢനിശ്ചയമുള്ളവരാണ്. ഞങ്ങളുടെ സൗഹൃദത്തിലും പങ്കാളിത്തത്തിലും അധിഷ്ഠിതമായി, സമാധാനപാത കണ്ടെത്താൻ ഒരുമിച്ച് മുന്നോട്ട് പോകും,” – ഇമ്മാനുവൽ മാക്രോൺ എക്സിൽ കുറിച്ചു,

യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് മാക്രോണിൻ്റെ ഫോൺ സംഭാഷണം. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനും സമാധാനത്തിലേക്കുള്ള വഴി രൂപപ്പെടുത്താനും റഷ്യയെ പ്രേരിപ്പിക്കുന്നതിൽ ഇന്ത്യയ്ക്ക് നിർണ്ണായക പങ്കുണ്ടെന്ന് ലെയ്ൻ പറഞ്ഞിരുന്നു.

റഷ്യയുമായി അടുത്ത നയതന്ത്ര ബന്ധം പുലർത്തുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. റഷ്യയിൽ നിന്ന് എണ്ണ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ ഇന്ത്യ വൻതോതിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ സ്വാധീനിക്കാൻ മോദിക്ക് കഴിയുമെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ കരുതുന്നത്. ഈ സാധ്യതകൾ മുന്നിൽ കണ്ടാണ് യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യയുടെ ഇടപെടലിന് ഫ്രാൻസും യൂറോപ്യൻ യൂണിയനും പ്രാധാന്യം നൽകുന്നത്.

Related Articles

Latest Articles