കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ദുർഗ്ഗാപുരിൽ എംബിബിഎസ് വിദ്യാർഥിയെ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ അതിജീവിതയെ അപമാനിക്കുന്ന പരാമർശവുമായി മുഖ്യമന്ത്രി മമത ബാനർജി. രാത്രി വൈകി ക്യാമ്പസിൽ നിന്ന് വിദ്യാർത്ഥിനി എന്തിനാണ് പുറത്തിറങ്ങിയതെന്ന് ചോദിച്ച ചെയ്ത മുഖ്യമന്ത്രി, വിദ്യാർത്ഥികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം സ്വകാര്യ കോളേജുകൾക്കാണെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ ബിജെപി രംഗത്ത് വന്നു. മമത ഇരയെ പഴിക്കുന്നുവെന്ന് ബിജെപി വിമർശിച്ചു.
വിവാദ പരാമർശങ്ങൾ:
സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് മമത ബാനർജിയുടെ വിവാദ പ്രസ്താവന. “അവർ പഠിക്കുന്നത് ഒരു സ്വകാര്യ മെഡിക്കൽ കോളേജിലാണ്. അതിന്റെ ഉത്തരവാദിത്തം ആർക്കാണ്? രാത്രി 12.30-ന് അവർ എങ്ങനെയാണ് പുറത്തുവന്നത്? ഇത് വനപ്രദേശമാണ്. സ്വകാര്യ മെഡിക്കൽ കോളേജുകൾ അവരുടെ വിദ്യാർത്ഥികളെയും രാത്രിയിലെ സംസ്‌കാരത്തെയും ശ്രദ്ധിക്കണം. അവരെ പുറത്തുവരാൻ അനുവദിക്കരുത്. അവർ സ്വയം സംരക്ഷണം ഉറപ്പാക്കണം,” മമത പറഞ്ഞു. സംഭവം “ഞെട്ടിക്കുന്നതാണ്” എന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ലൈംഗികാതിക്രമ കേസുകളിൽ നീതി ഉറപ്പാക്കുന്നതിനു പകരം ഇരയെ കുറ്റപ്പെടുത്തുകയാണ് ബംഗാൾ മുഖ്യമന്ത്രി ചെയ്യുന്നതെന്ന് ബിജെപി ആരോപിച്ചു. “ലജ്ജയില്ലാത്ത മമത, സ്ത്രീത്വത്തിനും ഒരു മുഖ്യമന്ത്രി എന്ന സ്ഥാനത്തിനും കളങ്കമാണ്. നീതിക്ക് പകരം അവർ ഇരയെ കുറ്റപ്പെടുത്തുന്നു,” ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ എക്‌സിൽ കുറിച്ചു. രാത്രിയിൽ പുറത്തിറങ്ങരുതെന്ന് പെൺകുട്ടികളോട് പറയുന്ന മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ ധാർമിക അവകാശമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒഡീഷയിലെ ജലേശ്വറിൽ നിന്നുള്ള 23 വയസ്സുള്ള വിദ്യാർഥിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. വെള്ളിയാഴ്ച രാത്രി സുഹൃത്തിനൊപ്പം പുറത്തുപോയപ്പോഴാണ് ഒരു കൂട്ടം ആളുകൾ ഇവരെ ബലമായി ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്.
മകളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച പിതാവ്, വിദ്യാഭ്യാസം ഒഡീഷയിലേക്ക് മാറ്റാൻ തീരുമാനിച്ചതായി അറിയിച്ചു. “എന്റെ മകൾ വേദനയിലാണ്. ഇപ്പോൾ നടക്കാൻ പോലും കഴിയുന്നില്ല. ബംഗാളിൽ അവൾ സുരക്ഷിതയല്ല. ഏത് നിമിഷവും അവർ അവളെ കൊലപ്പെടുത്തിയേക്കാം. അതിനാൽ ഞങ്ങൾ അവളെ ഒഡീഷയിലേക്ക് തിരികെ കൊണ്ടുപോവുകയാണ്. വിശ്വാസം നഷ്ടപ്പെട്ടു,” പിതാവ് പറഞ്ഞു. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി താനുമായി ബന്ധപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിക്രമത്തിന് ഇരയായ വിദ്യാർത്ഥിനിക്കൊപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്തും പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്.
ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി സംഭവത്തെ ശക്തമായി അപലപിച്ചു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം മമത ബാനർജിയോട് ആവശ്യപ്പെടുകയും ഇരയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ നടന്ന ക്രൂരമായ ബലാത്സംഗ കൊലപാതകത്തിന് ഒരു വർഷം തികയും മുൻപാണ് ഈ സംഭവം.

