Friday, December 12, 2025

താലിബാന്റെ അടിയിൽ വിറച്ച് പാകിസ്ഥാൻ ! ഇന്റലിജൻസ് എന്നൊരു സാധനമുണ്ടോ ? പൊട്ടിത്തെറിച്ച് അസിം മുനീർ; അടിയന്തരയോഗം

ആഭ്യന്തര രാഷ്ട്രീയ അസ്ഥിരതയും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നതിനിടെ, പാകിസ്ഥാൻ്റെ പടിഞ്ഞാറൻ അതിർത്തിയിൽ അഫ്ഗാൻ താലിബാനിൽ നിന്നുള്ള ആക്രമണങ്ങൾ രാജ്യത്തിൻ്റെ സുരക്ഷാ സംവിധാനത്തിന്മേൽ വലിയ ചോദ്യചിഹ്നം ഉയർത്തിയിരിക്കുകയാണ്. ഇന്നലെ രാത്രി റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിൽ പാക് കരസേനാ മേധാവി ജനറൽ അസിം മുനീർ വിളിച്ചുചേർത്ത അടിയന്തര ഉന്നതതല യോഗം, അതിർത്തിയിലെ ഗുരുതരമായ സുരക്ഷാ വീഴ്ചകളുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു. ഡ്യൂറൻഡ് രേഖയോട് ചേർന്നുള്ള പാക് സൈനിക പോസ്റ്റുകൾക്ക് നേരെ അഫ്ഗാൻ താലിബാൻ നടത്തിയ ഏകോപിതമായ ആക്രമണങ്ങൾക്ക് പിന്നാലെയാണ് സൈനിക നേതൃത്വത്തിനെതിരെ മുനീർ രൂക്ഷമായ വിമർശനം ഉന്നയിച്ചത്.

യോഗത്തിൽ പങ്കെടുത്ത മുതിർന്ന ജനറൽമാർക്കെതിരെ ജനറൽ അസിം മുനീർ നടത്തിയ വിമർശനം, പാകിസ്ഥാൻ്റെ സുരക്ഷാ സ്ഥാപനത്തിൻ്റെ സമീപകാലത്തെ ഏറ്റവും വലിയ വീഴ്ചകളിലൊന്നാണ് പുറത്തുകൊണ്ടുവന്നത്. പാകിസ്ഥാൻ്റെ പടിഞ്ഞാറൻ അതിർത്തിയിലെ സുരക്ഷാ സംവിധാനത്തിൽ സംഭവിച്ച ഇൻ്റലിജൻസ് പരാജയം മുനീറിനെ ഞെട്ടിച്ചുവെന്നാണ് വിവരം. ഇത്തരത്തിലുള്ള വലിയ ആക്രമണങ്ങള്‍ മുന്‍കൂട്ടി അറിയുന്നതില്‍ എന്തുകൊണ്ടാണ് ഇന്റലിജന്‍സ് പരാജയപ്പെട്ടതെന്നും തിരിച്ചടി വൈകിയത് എന്തുകൊണ്ടാണെന്നും മുനീർ ഉദ്യോഗസ്ഥരോട് ചോദിച്ചു

താലിബാൻ ആക്രമണം നേരിടുന്നതിൽ അടിയന്തര സൈനിക പിന്തുണ നൽകുന്നതിൽ വന്ന വീഴ്ചയ്ക്കും, ഫലപ്രദമായ പ്രതിരോധ നടപടികൾ ആസൂത്രണം ചെയ്യുന്നതിലെ കുറവിനും ഓരോ ഉദ്യോഗസ്ഥനോടും മുനീർ വിശദീകരണം ആവശ്യപ്പെട്ടു. ശത്രുവിൻ്റെ ഭാഗത്തുനിന്ന് ഇത്രയും ഏകോപിതമായ ആക്രമണം മുൻകൂട്ടി കാണാനോ തടയാനോ കഴിയാതെ വന്നത്, അതിർത്തിയിലെ സൈനിക സജ്ജീകരണങ്ങളിലെ വലിയ വിടവുകൾ തുറന്നുകാട്ടി.

മുതിർന്ന ഇൻ്റലിജൻസ് സ്രോതസ്സുകൾ നൽകുന്ന വിവരമനുസരിച്ച്, താലിബാൻ ഏഴ് പ്രധാന മേഖലകളിലാണ് പാക് സൈനിക പോസ്റ്റുകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. അംഗൂർ അഡ്ഡ, ബജൗർ, കുർറം, ദിർ, ചിത്രാൽ, വസീരിസ്ഥാൻ, ബഹറം ചാഹ്, ചമൻ തുടങ്ങിയ മേഖലകളിൽ ഏകോപിതമായി കനത്ത ആർട്ടിലറി ആക്രമണം അഫ്ഗാൻ ഭാഗത്തുനിന്നുണ്ടായി. പൂർണ്ണമായും അപ്രതീക്ഷിതമായ ഈ ആക്രമണങ്ങൾ പാക് സൈനികരെ പ്രതിരോധത്തിലാക്കി. ഇത് അതിർത്തിയിലെ സുരക്ഷാ മുന്നൊരുക്കങ്ങളിലും ഇൻ്റലിജൻസ് ശേഖരണത്തിലും ഗുരുതരമായ പിഴവുകൾ ഉണ്ടായി എന്ന് തെളിയിക്കുന്നതായിരുന്നു.

സുരക്ഷാ വീഴ്ചകൾക്ക് അറുതിവരുത്തുന്നതിൻ്റെ ഭാഗമായി, മുനീർ എല്ലാ മുതിർന്ന കമാൻഡർമാർക്കും കർശനമായ നിർദ്ദേശങ്ങൾ നൽകിയെന്നാണ് റിപ്പോർട്ട്. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ, തങ്ങളുടെ മേഖലകളിലുണ്ടായ വീഴ്ചകൾ കൃത്യമായി തിരിച്ചറിയുന്നതിനും തിരുത്തൽ നടപടികൾ നിർദ്ദേശിക്കുന്നതിനും വേണ്ടിയുള്ള വിശദമായ റിപ്പോർട്ട് ചീഫ് ഓഫ് ജനറൽ സ്റ്റാഫിൻ്റെ ഓഫീസിൽ സമർപ്പിക്കാൻ മുനീർ ഉത്തരവിട്ടു.

പാകിസ്ഥാൻ്റെ സുരക്ഷാ സംവിധാനത്തിൻ്റെ അടിത്തറ ഇളകുന്ന ഈ സാഹചര്യത്തിൽ, അതിർത്തിയിലെ വെല്ലുവിളികളെ നേരിടാൻ പാകിസ്ഥാൻ സൈന്യം വരുത്തുന്ന മാറ്റങ്ങൾ വരും ദിവസങ്ങളിൽ നിർണ്ണായകമാകും.

ദിവസങ്ങള്‍ക്ക് മുമ്പ്‌ കാബൂളിലുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെയാണ് അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായത്. കാബൂളിലെ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്നാണ് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ ആരോപണം. ഇതിനുപിന്നാലെ പാകിസ്ഥാന് നേരേ താലിബാന്‍ സൈനികര്‍ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. 58 പാക് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും താലിബാന്‍ അവകാശപ്പെട്ടിരുന്നു. ഇതിനൊപ്പം പാകിസ്ഥാനി താലിബാന്‍ എന്ന സംഘടന പാകിസ്ഥാനിലെ പോലീസ് ട്രെയിനിങ് സ്‌കൂളിലടക്കം ചാവേര്‍ ആക്രമണവും നടത്തി. അതേസമയം, 200-ലേറെ താലിബാന്‍ സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നായിരുന്നു പാകിസ്ഥാന്റെ അവകാശവാദം. താലിബാന്റെ ഒട്ടേറെ സൈനികപോസ്റ്റുകള്‍ പിടിച്ചെടുത്തതായും പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു.

Related Articles

Latest Articles