Sunday, December 21, 2025

ഇനിയെങ്കിലും സർക്കാർ കണ്ണ് തുറക്കുമോ ??മുഖ്യമന്ത്രിയുമായി ചർച്ചക്ക് അവസരം നൽകാമെന്ന് ഒടുവിൽ ഉറപ്പ്; ക്ലിഫ് ഹൗസിനു മുന്നിലെ പ്രതിഷേധ സമരം അവസാനിപ്പിച്ച് ആശമാർ

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിലെ പ്രതിഷേധ സമരം ആശാ വർക്കേഴ്സ് അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുമായി ചർച്ചക്ക് അവസരം നൽകാം എന്ന ഉറപ്പ് ലഭിച്ചതിനാലാണ് സമരം അവസാനിപ്പിച്ചതെന്ന് സമരസമിതി നേതാവ് വികെ സദാനന്ദൻ പറഞ്ഞു.ക്ലിഫ് ഹൗസിന് മുന്നിലെ സമരം മാത്രമാണ് അവസാനിപ്പിക്കുന്നതെന്നും, സെക്രട്ടറിയേറ്റിന് മുന്നിലെ സമരം തുടരുമെന്നും സദാനന്ദൻ അറിയിച്ചു. ഇന്നത്തെ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്ത 19 ആശമാരെ പോലീസ് വിട്ടയച്ചു. ഇവർക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്,

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിലെ ആശമാരുടെ സമരത്തിൽ സംഘർഷമുണ്ടായിരുന്നു. തുടർന്ന് പൊലീസ് ബലപ്രയോഗത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി ആരോപിച്ചിരുന്നു. നാളെ, ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

സെക്രട്ടേറിയറ്റിനു മുന്നില്‍ മാസങ്ങളായി തുടരുന്ന ആശാ വര്‍ക്കര്‍മാരുടെ അതിജീവന സമരമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു നീണ്ടത്. ഉച്ചയ്ക്കു 12ന് ശേഷമാണ് ആശാ പ്രവര്‍ത്തകരുടെ മാര്‍ച്ച് ക്ലിഫ് ഹൗസിനു സമീപത്തേക്ക് എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുളള നൂറുകണക്കിന് ആശമാർ സമരത്തിൽ പങ്കെടുത്തു. ബാരിക്കേഡ് വച്ച് പൊലീസ് ഇവിടം തടഞ്ഞിരുന്നു.

ബാരിക്കേഡ് മറികടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരക്കാരുടെ മൈക്കും സ്പീക്കറും പൊലീസ് എടുത്തു മാറ്റി. ആശമാര്‍ പാട്ട കൊട്ടി പ്രതിഷേധിച്ചതോടെ പോലീസ് മൈക്കും സ്പീക്കറും പിടിച്ചെടുത്തു. എന്നാല്‍ ഇതു കൊണ്ടുപോകാന്‍ സമ്മതിക്കാതെ റോഡില്‍ കിടന്ന് പൊലീസ് ജീപ്പ് തടഞ്ഞ ആശമാരെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് മാറ്റിയത്.

Related Articles

Latest Articles