ദില്ലി: കേന്ദ്ര തെരഞ്ഞെടുപ്പ് നിർണായക കമ്മീഷന്റെ വാര്‍ത്താസമ്മേളനം നാളെ നടക്കും. രാജ്യവ്യാപകമായി വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ ഷെഡ്യൂള്‍ പ്രഖ്യാപനം നാളെത്തെ വാർത്താ സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. കേരളം, തമിഴ്നാട്,പുതുച്ചേരി എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ തന്നെ എസ്ഐആർ നടപ്പിലാക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
രാജ്യം മുഴുവന്‍ എസ്ഐആര്‍ നടപ്പാക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും തയ്യാറെടുപ്പ്, വ്യാഴാഴ്ച ദില്ലിയില്‍ സമാപിച്ച രണ്ട് ദിവസത്തെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുടെ സമ്മേളനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിലയിരുത്തിയിരുന്നു. ഓഫീസർമാരോട് തയ്യാറെടുപ്പുകൾ നടത്താനും നിർദേശിച്ചിരുന്നു. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ബിഹാർ മാതൃകയിൽ മൂന്ന് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ആധാർ തിരിച്ചറിയൽ രേഖ മാത്രമായാണ് പരിഗണിക്കുക. പൗരത്വം തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുന്ന മറ്റു 11 രേഖകൾ ഹാജരാക്കേണ്ടിവരും.

