പാറ്റ്‌ന : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി നടത്തിയ വോട്ടര്‍ അധികാര്‍ യാത്ര കടന്നുപോയ എല്ലാ മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാർത്ഥികൾ തോറ്റത് നിലം തൊടാതെ. 25 ജില്ലകളിലെ 110 നിയോജകമണ്ഡലങ്ങളിലൂടെയാണ് രാഹുലിന്റെ യാത്ര കടന്നുപോയത്. ഏകദേശം 1,300 കിലോമീറ്ററാണ് രാഹുൽ ഗാന്ധി യാത്ര നടത്തിയിരുന്നത്. 61 സീറ്റുകളിലായിരുന്നു കോണ്‍ഗ്രസ് ഇക്കുറി ജനവിധി തേടിയത്.
ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം, അഞ്ചിടത്തുമാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.
രാഹുല്‍ നേരത്തെ നടത്തിയ ഭാരത് ജോഡോ യാത്രകള്‍ 2023-ലെ തെലങ്കാന തിരഞ്ഞെടുപ്പിലും 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സഹായകമായെന്ന വിലയിരുത്തലിലായിരുന്നു പാര്‍ട്ടി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ അധികാര്‍ യാത്ര സംഘടിപ്പിച്ചത്. എന്നാല്‍, അത് ഫലവത്തായില്ലെന്നാണ് വോട്ടെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

