Friday, December 12, 2025

അന്ധവിശ്വാസം ക്രൂരതയായി!! വിവാഹം നടക്കാൻ സഹോദരന്റെ 16 ദിവസം പ്രായമുള്ള കൈക്കുഞ്ഞിനെ ചവിട്ടിക്കൊന്ന നാല് സ്ത്രീകൾ അറസ്റ്റിൽ ; നടുക്കുന്ന സംഭവം രാജസ്ഥാനിൽ

ജോധ്പൂർ : വിവാഹം നടക്കാൻ വേണ്ടിയുള്ള ദുർമന്ത്രവാദത്തിന്റെ പേരിൽ സഹോദരന്റെ 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ചവിട്ടി കൊന്ന നാല് സ്ത്രീകൾ അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ കൊലപാതകവാർത്ത പുറത്തുവരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വിവാഹം നടക്കാത്തതിലുള്ള നിരാശ കാരണം, കുട്ടിയെ കൊന്നാൽ തങ്ങൾക്ക് ഉടൻ വിവാഹാലോചനകൾ വരുമെന്ന് വിശ്വസിച്ചാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് വിവരം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ എന്ന് കരുതുന്ന ഒരു വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ, ഒരു സ്ത്രീ കുഞ്ഞിനെ മടിയിലിരുത്തി എന്തോ മന്ത്രം ചൊല്ലുന്നതും, ചുറ്റുമിരിക്കുന്ന മറ്റ് സ്ത്രീകൾ ആ മന്ത്രത്തിൽ പങ്കുചേരുന്നതും കാണാം. ഈ മന്ത്രം പ്രാദേശിക നാടോടി ദൈവമായ ‘ഭേരു’വിനെ പ്രീതിപ്പെടുത്താൻ വേണ്ടിയുള്ളതാകാം എന്നാണ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്.

കൊല്ലപ്പെട്ട കുഞ്ഞിൻ്റെ പിതാവാണ് തൻ്റെ സഹോദരിമാരാണ് ഈ കൃത്യം ചെയ്തതെന്ന് വെളിപ്പെടുത്തിയത്. കുറച്ചുകാലമായി വിവാഹത്തിന് ആഗ്രഹിച്ചിരുന്ന അവർക്ക് ആലോചനകൾ ലഭിക്കാൻ വേണ്ടിയാണ് തൻ്റെ മകനെ ചവിട്ടിക്കൊന്നതെന്നും അദ്ദേഹം പറഞ്ഞു. കൊലയാളികൾക്ക് കഠിനമായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. അന്ധവിശ്വാസത്തിൻ്റെ പേരിൽ നടന്ന ഈ ക്രൂരകൃത്യം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

Related Articles

Latest Articles