Tuesday, December 16, 2025

അതിജീവിതയ്‌ക്കെതിരായ സൈബർ അധിക്ഷേപം ! രാഹുൽ ഈശ്വറിന് ജാമ്യമില്ല ; 14 ദിവസം റിമാൻഡിൽ; ജയിലിൽ നിരാഹാരമിരുന്ന് പ്രതിഷേധിക്കും

തിരുവനന്തപുരം : പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ സൈബറിടത്തിൽ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുൽ ഈശ്വറിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റും. തിരുവനന്തപുരം അഡിഷണൽ സിജെഎം കോടതിയുടേതാണ് നടപടി.

അതേസമയം ജയിലിൽ നിരാഹാരം ഇരിക്കുമെന്നും ഇത് കള്ള കേസ് ആണെന്നും പോലീസ് വാഹനത്തിലിരുന്ന് രാഹുൽ വിളിച്ചുപറഞ്ഞു. അഭിഭാഷകരും പോലീസും പറഞ്ഞത് പച്ചക്കള്ളമാണെന്നും രാഹുൽ ആരോപിച്ചു. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ച സമയത്താണ് രാഹുൽ ഈശ്വർ ആരോപണം ഉന്നയിച്ചത്.

രാഹുൽ ഈശ്വർ ഒരു ഘട്ടത്തിൽ പോലും യുവതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ പേരുവിവരങ്ങൾ ഇല്ലായിരുന്നെങ്കിലും അതിജീവിതയെ അപകീർത്തിപ്പെടുത്തിയെന്നാണ് പോലീസ് വാദിച്ചത്.

തിരുവനന്തപുരം പൗഡിക്കോണത്തെ വീട്ടിലെത്തിയാണ് സൈബർ പോലീസ് സംഘം ഇന്നലെ രാഹുൽ ഈശ്വരനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത് .ചോദ്യം ചെയ്യലിന് പിന്നാലെ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സൈബര്‍ അധിക്ഷേപത്തിന് ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്താണ് രാഹുലിന്റെ അറസ്റ്റ്.

Related Articles

Latest Articles