Monday, December 15, 2025

അഭ്യൂഹങ്ങൾക്ക് വിരാമം ! പലാഷ് മുഛലുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറി സ്‌മൃതി മന്ദാന; സമൂഹ മാദ്ധ്യമത്തിലൂടെ സ്ഥിരീകരണം

സംഗീത സംവിധായകൻ പലാഷ് മുഛലുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറി ഇന്ത്യൻ ക്രിക്കറ്റ് താരം സ്‌മൃതി മന്ദാന. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. നവംബർ ഇരുപത്തിമൂന്നിനായിരുന്നു സ്മൃതി-പലാഷ് വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹം നടക്കുന്നതിന് മണിക്കൂറുകൾ മുമ്പാണ് സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലായെന്നും വിവാഹം മാറ്റിവച്ചുവെന്നും റിപ്പോർട്ട് വന്നത്. ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അച്ഛൻ ആശുപത്രിയിലായതാണ് വിവാഹം മാറ്റിവെക്കാൻ കാരണമെന്നാണ് തുടക്കത്തിൽ വന്ന വാർത്തകൾ. പിന്നാലെ പലാഷ് മറ്റൊരു യുവതിയുമായി നടത്തിയതെന്ന് പറയുന്ന ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും പുറത്തു വന്നു. ഇതോടെ പലാഷ് സ്മൃതിയെ വഞ്ചിക്കുകയായിരുന്നുവെന്ന അഭ്യൂഹങ്ങളും പരന്നു. വിവാഹവുമായി ബന്ധപ്പെട്ട് സ്മൃതി ഇന്‍സ്റ്റഗ്രാമിലടക്കം പങ്കുവെച്ച എല്ലാ പോസ്റ്റുകളും നീക്കം ചെയ്തത് സംശയമുണര്‍ത്തിയിരുന്നു.

‘കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ഈ അവസരത്തിൽ പ്രതികരിക്കേണ്ടത് പ്രധാനമാണെന്ന് തോന്നുന്നു. സ്വകാര്യത നിലനിർത്താൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. എങ്കിലും, ഈ വിവാഹം വേണ്ടെന്നുവെച്ചതായി വ്യക്തമാക്കുന്നു. ഈ വിഷയം ഇവിടെ അവസാനിപ്പിക്കണമെന്നും ഇരുകുടുംബങ്ങളുടെയും സ്വകാര്യതയെ മാനിച്ച് സ്വന്തംരീതിയിൽ വിഷയം കൈകാര്യം ചെയ്യാൻ ഇടം നൽകണമെന്നും അഭ്യർഥിക്കുന്നു.

നമ്മെ എല്ലാവരെയും നയിക്കുന്നത് ലക്ഷ്യമാണ്. എന്നെ സംബന്ധിച്ച് അത് എപ്പോഴും രാജ്യത്തെ പ്രതിനിധീകരിക്കുക എന്നതായിരുന്നു. ഇന്ത്യക്കുവേണ്ടി കളിക്കാനും ട്രോഫികൾ നേടാനും ആഗ്രഹിക്കുന്നു. പിന്തുണച്ച എല്ലാവർക്കും നന്ദി. മുന്നോട്ട് പോകാനുള്ള സമയമായി’, സ്മൃതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Related Articles

Latest Articles