Wednesday, December 17, 2025

ഗോവയിലെ നിശാക്ലബ്ബിലെ തീപിടിത്തം ! സഹ ഉടമ ദില്ലിയിൽ കസ്റ്റഡിയിൽ ; അറസ്റ്റ് രേഖപ്പെടുത്തി ഗോവയിലേക്ക് കൊണ്ട് പോകും

പനജി : ഗോവയിലെ അര്‍പോറ ഗ്രാമത്തിലുള്ള നിശാക്ലബ്ബിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ സഹ ഉടമയായ അജയ് ഗുപ്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗോവ പോലീസാണ് ഇയാളെ ദില്ലിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ നേരത്തെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. തീപിടിത്തത്തിൽ 25 പേരാണ് മരിച്ചത്.

അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയാല്‍ അജയ് ഗുപ്തയെ ഗോവയിലേക്ക് കൊണ്ടുപോകും. ഇന്ന് തന്നെ ഗുപ്തയെ കോടതിയില്‍ ഹാജരാക്കാനാണ് സാധ്യത. താന്‍ വെറുമൊരു പങ്കാളി മാത്രമായിരുന്നു എന്നും സംഭവവുമായി തനിക്ക് മറ്റൊന്നും അറിയില്ല എന്നുമാണ് അജയ് ഗുപ്തയുടെ മൊഴി.

ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. ഇലക്ടോണിക് പടക്കങ്ങള്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം.മരണസംഖ്യ വർധിക്കാൻ പ്രധാന കാരണം ക്ലബ്ബിന്റെ രൂപകൽപ്പനയിലെ അപാകതകളാണെന്ന് ദൃക്‌സാക്ഷികളും അഗ്നിശമന സേനാംഗങ്ങളും പറയുന്നു. ക്ലബ്ബിലേക്കുള്ള ഇടുങ്ങിയ പ്രവേശന കവാടവും പുറത്തുകടക്കാനുള്ള വഴിയിലെ തടസ്സങ്ങളും തീപിടുത്തമുണ്ടായ ശേഷം ആശയക്കുഴപ്പങ്ങൾ വർദ്ധിപ്പിച്ചു. നിശാക്ലബ്ബിലേക്കുള്ള വഴികൾ ഫയർ എഞ്ചിനുകൾക്ക് കടന്നുപോകാൻ കഴിയാത്തത്ര ഇടുങ്ങിയതായിരുന്നു. അഗ്നിശമന വാഹനങ്ങൾ 400 മീറ്റർ അകലെ നിർത്തിയിടേണ്ടി വന്നത് രക്ഷാപ്രവർത്തനത്തെ കൂടുതൽ സങ്കീർണ്ണമാക്കി.

മരണപ്പെട്ടവരിൽ പലരും ശ്വാസംമുട്ടിയാണ് മരിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച ചിലർ താഴത്തെ നിലയിലെ അടുക്കളയിലേക്ക് ഓടിപ്പോകുകയും അവിടെ വെൻ്റിലേഷൻ ഇല്ലാത്തതിനാൽ ജീവനക്കാർക്കൊപ്പം കുടുങ്ങിപ്പോകുകയും ചെയ്തു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനുമായി മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു.

Related Articles

Latest Articles