യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ദൃശ്യങ്ങളിൽ Mi-28NM ‘നൈറ്റ് ഹണ്ടർ’ ആക്രമണ ഹെലികോപ്റ്ററിൽ നിന്ന് ക്രൂയിസ് മിസൈൽ വിക്ഷേപിക്കുന്നതാണ് കാണുന്നത്. നവംബർ ഏഴിന് പുറത്തുവിട്ട ദൃശ്യങ്ങളിൽ ഹെലികോപ്റ്റർ മിസൈലുകൾ ഘടിപ്പിച്ച് പറന്നുയരുന്നതും തുടർന്ന് ഒരു മിസൈൽ വിക്ഷേപിക്കുന്നതും വ്യക്തമാണ്. യുക്രൈനിലെ സൈനിക നീക്കത്തിനിടെയാണ് ഈ വിക്ഷേപണം നടന്നതെന്നാണ് റഷ്യയുടെ വിശദീകരണം. ശത്രുവിന്റെ ഡ്രോൺ ഓപ്പറേറ്റർമാരെയും നിയന്ത്രണ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും റഷ്യ അവകാശപ്പെടുന്നു.
വിക്ഷേപിച്ച മിസൈൽ ഡാൻ-ടി (Dan-T) ആണെന്നാണ് പ്രതിരോധ നിരീക്ഷകരുടെ വിലയിരുത്തൽ. എസ്8000 ബാൻഡറോൾ (S8000 Banderol) മിസൈലുമായി സാമ്യമുള്ള ഈ ആയുധത്തിന് ഏകദേശം 500 കിലോമീറ്റർ വരെ ദൂരപരിധിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മിസൈലിന്റെ വേഗത മണിക്കൂറിൽ ഏകദേശം 500 കിലോമീറ്ററാണെന്നും വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഡാൻ-ടിക്ക് ഏകദേശം 135 കിലോഗ്രാം ഭാരമുള്ള വാർഹെഡ് വഹിക്കാനാകുമെന്നാണ് പുറത്തുവന്നിട്ടുള്ള കണക്കുകൾ.
സാധാരണയായി ആക്രമണ ഹെലികോപ്റ്ററുകൾ ടാങ്കുകൾക്കും അടുത്തുള്ള സൈനിക ലക്ഷ്യങ്ങൾക്കുമെതിരായ ആക്രമണങ്ങൾക്കാണ് ഉപയോഗിക്കുന്നത്. എന്നാൽ നൂറുകണക്കിന് കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂയിസ് മിസൈലുകൾ ഘടിപ്പിക്കുന്നതിലൂടെ Mi-28NM-ന്റെ ആക്രമണശേഷി പുതിയ തലത്തിലേക്ക് ഉയരുകയാണ്. ശത്രുവിന്റെ വ്യോമപ്രതിരോധ പരിധിയിലേക്ക് അടുത്തുപോകാതെ തന്നെ ദൂരെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. യുദ്ധവിമാനങ്ങൾക്കും ഡ്രോണുകൾക്കും പുറമെ ഹെലികോപ്റ്ററുകളെയും ദീർഘദൂര ആക്രമണ സംവിധാനങ്ങളുടെ ഭാഗമാക്കുന്ന റഷ്യയുടെ ഈ നീക്കം യുദ്ധതന്ത്രങ്ങളിൽ പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമോ എന്നാണ് പ്രതിരോധലോകം ഉറ്റുനോക്കുന്നത്.

