ബിജെപി ഐടി സെല്ലിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി 2018-ൽ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലിയിലെ സാകേത് കോടതി. ബിജെപി ഐടി സെൽ തന്നെ അപകീർത്തിപ്പെടുത്താൻ 50 ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം ചെയ്തെന്ന റാഠിയുടെ ആരോപണത്തിനെതിരെ ബിജെപി അനുഭാവിയും ‘ഐ സപ്പോർട്ട് നരേന്ദ്ര മോദി’ എന്ന ഫേസ്ബുക്ക് പേജിന്റെ സ്ഥാപകനുമായ വികാസ് പാണ്ഡെയാണ് മാനനഷ്ടക്കേസ് നൽകിയത്. ‘BJP IT Cell Part II’ എന്ന പേരിൽ 2018 മേയ് ആറിന് പ്രസിദ്ധീകരിച്ച വീഡിയോയിലൂടെയായിരുന്നു ആരോപണം. ബിജെപിയുടെ ഐടി സെല്ലിനെതിരെ തെളിവുകളില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് പൊതുസമൂഹത്തിൽ തെറ്റായ ധാരണ സൃഷ്ടിച്ചെന്നായിരുന്നു പരാതിക്കാരന്റെ വാദം. അന്നത്തെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വീഡിയോ പങ്കുവെച്ചതോടെ വിവാദം കൂടുതൽ ശ്രദ്ധ നേടി.
2019 ജൂലൈയിൽ തന്നെ കോടതിയിൽ ഹാജരാകാൻ റാഠിക്ക് സമൻസ് അയച്ചിരുന്നെങ്കിലും തുടർച്ചയായ നടപടികൾക്കിടയിലും ഹാജരാകാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഒക്ടോബർ 17-ന് ജാമ്യമുള്ള വാറണ്ടും പിന്നീട് ഒക്ടോബർ 31-ന് വീണ്ടും വാറണ്ടും പുറപ്പെടുവിച്ചിരുന്നു. ഗുരുഗ്രാമിലെ വിലാസത്തിൽ സമൻസ് കൈമാറാൻ ശ്രമിച്ചപ്പോൾ വീട് പൂട്ടിക്കിടക്കുകയായിരുന്നുവെന്നാണ് കോടതിയിൽ അറിയിച്ചത്. റാഠി സാധാരണയായി വിദേശത്താണ് താമസിക്കുന്നതെന്നും അടുത്തിടെ ഇന്ത്യയിലെത്തിയിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. കേസ് ഡിസംബർ മൂന്നിന് വീണ്ടും പരിഗണിക്കും. ബിജെപിക്കെതിരെ പൊതുവേദികളിൽ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കും സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തിഹത്യയും അപകീർത്തികരമായ പ്രചാരണവും നടത്തുന്നവർക്കും നിയമത്തിന്റെ പരിശോധന നേരിടേണ്ടിവരുമെന്ന ചർച്ചയ്ക്കും സംഭവം വഴിവെച്ചിരിക്കുകയാണ്.

