വ്യോമയാന മേഖലയിൽ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ചെലവുകൾ നിയന്ത്രിക്കാനുമായി വൻ മാറ്റങ്ങൾക്കൊരുങ്ങി എയർ ഇന്ത്യ. ഏകദേശം 30,000 ജീവനക്കാരുള്ള സ്ഥാപനത്തിന്റെ തൊഴിൽഘടനയും പ്രവർത്തനരീതികളും പുനഃപരിശോധിക്കാനാണ് നീക്കം. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിച്ച് ‘വൺ എയർ ഇന്ത്യ’ എന്ന ഏകീകൃത പ്രവർത്തന തന്ത്രം നടപ്പാക്കുന്നതും പരിഗണനയിലുണ്ട്. ജീവനക്കാരുടെ വിന്യാസം, വിവിധ വിഭാഗങ്ങളുടെ പ്രവർത്തനക്ഷമത, ഭരണസംവിധാനം എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള കാര്യക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യം.
പ്രവർത്തനശൃംഖലയിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി ഡൽഹിക്ക് പുറമേ മുംബൈ, ബെംഗളൂരു എന്നിവയെ പ്രധാന വ്യോമയാന ഹബ്ബുകളായി വികസിപ്പിക്കുന്നതും ആലോചനയിലുണ്ട്. നിലവിൽ ഏകദേശം 8,000 മുതൽ 10,000 വരെ ജീവനക്കാരുടെ അധികസാന്നിധ്യമുണ്ടോയെന്ന കാര്യം കമ്പനി പരിശോധിക്കുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം, പഴക്കമുള്ള 13 ബോയിങ് 777 വിമാനങ്ങളെ യാത്രാവിമാനങ്ങളിൽ നിന്ന് ചരക്കുവിമാനങ്ങളാക്കി മാറ്റാനുള്ള സാധ്യതയും അധികൃതർ വിലയിരുത്തുന്നുണ്ട്. ഇതിലൂടെ ചരക്കുനീക്ക മേഖലയിൽ പുതിയ വരുമാനസാധ്യതകൾ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
ഏകദേശം 6,000 കോടി രൂപയുടെ ചെലവുചുരുക്കലാണ് എയർ ഇന്ത്യ ഗ്രൂപ്പിന്റെ ലക്ഷ്യം. ഇതിൽ 1,500 കോടി രൂപയുടെ ലാഭം ഇതിനകം കൈവരിച്ചതായും 3,500 കോടി രൂപയുടെ അധിക ചെലവുചുരുക്കൽ സാധ്യതകൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരുടെ ചെലവുകൾ, യാത്രകൾ, സംഭരണ നടപടികൾ എന്നിവയിലും കൂടുതൽ നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം. നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സമഗ്ര പുനഃസംഘടന. എന്നാൽ ജീവനക്കാരുടെ പുനർവിന്യാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.

