കൊല്ലം: കടക്കല്‍ സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍ അഖിലിന്റെ മരണം വിഷാംശം ഉള്ളില്‍ ചെന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അഖിലിനൊപ്പം മദ്യപിച്ച സുഹൃത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയീലാണ്. സ്പിരിറ്റ് നല്‍കിയ വിഷ്ണുവിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അഖിലിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂര്‍ത്തിയായത്. വിഷാംശം ഉള്ളില്‍ ചെന്നാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. എന്നാല്‍ ഇത് എന്തു തരം വിഷമാണെന്ന് രാസപരിശോധനക്ക് ശേഷമേ വ്യക്തമാകൂ. ഇതിനായി ആന്തരിക അവയവങ്ങളും സ്രവങ്ങളും രാസ പരിശോധനക്കായി അയച്ചു. അഖിലിന് ഒപ്പം മദ്യം കഴിച്ച സുഹൃത്ത് ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. ഇയാളെ ഇന്നലെ വൈകി വീണ്ടും ഡയാലിസിസിന് വിധേയനാക്കി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തയാള്‍ ആശുപത്രിവിട്ടു.
അഖില്‍ മദ്യപിച്ച സ്ഥലത്ത് വിഷ്ണുവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തൊട്ടടുത്തുള്ള വീട്ടില്‍ നിന്ന് രണ്ടു കുപ്പി വ്യാജമദ്യം കണ്ടെത്തി. വിഷ്ണുവിന് ലോക്ക്ഡൗണ്‍ സമയത്ത് വ്യാജ മദ്യവില്പന ഉണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നു. അഖിലിന് നല്‍കിയ സ്പിരിറ്റിന്റെ ബാക്കി വിഷ്ണുവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തി. വിഷ്ണുവിന് സ്പിരിറ്റ് കിട്ടിയ വര്‍ക്കലയിലുള്ള ആശുപത്രിയിലും പൊലീസ് തെളിവെടുപ്പ് നടത്തി. അഖിലിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

