ദില്ലി : നാല് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം അതിവിദഗ്ദ്ധമായി പരാജയപ്പെടുത്തി കുട്ടിയുടെ അമ്മ. കുട്ടിയെ തട്ടിയെടുത്ത് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അക്രമികളെ തള്ളിയിട്ട് കുട്ടിയെ പിടിച്ചെടുക്കുന്ന അമ്മയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് . ചൊവ്വാഴ്ച്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം നടന്നത് . എന്നാൽ അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇന്നാണ് പുറത്തുവരുന്നത്. അക്രമത്തിന് പിന്നിൽ കുട്ടിയുടെ പിതൃസഹോദരനാണ് .
തുണിവ്യാപാരിയായ തന്റെ സഹോദരന്‍റെ പക്കല്‍ നിന്നും 35 ലക്ഷം രൂപ കുട്ടിയുടെ മോചനദ്രവ്യമായി ആവശ്യപ്പെടാനായിരുന്നു പദ്ധതി. എന്നാൽ, കുട്ടിയുടെ അമ്മയുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം പദ്ധതി പൊളിക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സാധിച്ചു.
രണ്ടുപേര്‍ ഹെല്‍മെറ്റ് ധരിച്ച് ബൈക്കില്‍ വീടിന് മുന്നിലെത്തുകയും, തുടർന്ന് കുട്ടിയുടെ അമ്മയോട് വെള്ളം ചോദിച്ച് അമ്മ അകത്തേക്ക് പറഞ്ഞയച്ച് കുട്ടിയെ തട്ടിയെടുത്ത പോകാനായിരുന്നു ശ്രമം. പക്ഷേ, കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മ അക്രമികളെ തള്ളിയിട്ട് കുഞ്ഞിനെ ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു.
ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയും രക്ഷപ്പെട്ട അക്രമിസംഘത്തിന് പിന്നാലെ പായുകയും ചെയ്തെങ്കിലും സംഘത്തെ പിടികൂടാനായില്ല. ഒരാള്‍ കുറുകെ ബൈക്ക് വെച്ച് തടഞ്ഞതിനാല്‍ സംഘം ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇവര്‍ ഉപേക്ഷിച്ച ബാഗും ബൈക്കും ഉപയോഗിച്ചാണ് പൊലീസ് അക്രമികളെ കണ്ടെത്തിയത്. കുട്ടിയുടെ പിതൃസഹോദരനാണ് പദ്ധതിയുടെ സൂത്രധാരന്‍ എന്നും ഒരു ലക്ഷം രൂപ നല്‍കാമെന്നായിരുന്നു കരാറെന്നും ബൈക്കിന്‍റെ ഉടമസ്ഥന്‍ പൊലീസിനെ അറിയിച്ചു.

