ദില്ലി: വാരാണസിയിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്ന് സൂചന. ഇതില്‍ അന്തിമ തീരുമാനമെടുക്കുന്നത് സോണിയയും രാഹുലുമായിരിക്കും. മത്സരിക്കാനുള്ള സന്നദ്ധത പ്രിയങ്ക ഗാന്ധി അറിയിച്ചിട്ടുണ്ട്.മെയ് 19-നാണ് വാരാണസിയില്‍ തിരഞ്ഞെടുപ്പ് നടക്കുക.പ്രിയങ്കയെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കണെമന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു.
പാർട്ടിയുടെ യുപി ഘടകം ഇതുസംബന്ധിച്ച ആവശ്യം ഹൈക്കമാൻഡിനോട് ഉന്നയിച്ചിരുന്നു.
പ്രിയങ്ക താൽപര്യമറിയിച്ചാൽ മത്സരിക്കാൻ അനുവദിക്കുമെന്നു രാഹുൽ ഗാന്ധിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ മകൾ മത്സരിക്കുന്നതിനോട് സോണിയ ഗാന്ധി അനുകൂലമല്ലെന്ന പ്രചാരണവും ഉണ്ടായി.
വാരാണസിയിൽ മോദിക്കെതിരെ പൊതു സ്ഥാനാർഥിയെ നിർത്തുന്നത് സംബന്ധിച്ചു കക്ഷികൾക്കിടയിൽ അണിയറ ചർച്ചകൾ സജീവമാണെന്നാണ് സൂചന. ഇതിനൊടുവിലാണ് പ്രിയങ്ക മനസ്സുതുറന്നു.
വാരാണസിയിൽ പ്രിയങ്ക കളത്തിലിറങ്ങിയാൽ മോദിക്ക് പ്രചാരണത്തിനായി കൂടുതൽ സമയം അവിടെ ചെലവഴിക്കേണ്ടി വരും. രാഹുൽ രാജ്യത്തുടനീളം പ്രചാരണം നടത്തുമ്പോൾ, മോദിയെ വാരാണസിയിൽ തളച്ചിടുന്നത് തങ്ങൾക്ക് നേട്ടമാകുമെന്ന ചിന്തയും കോൺഗ്രസിനുണ്ട്.

