Friday, May 3, 2024
spot_img

ശിശുക്ഷേമ സമിതിയിൽ സഖാക്കളുടെ സർക്കസ്;സകലതിലും നിരുത്തരവാദിത്വം, വീഴ്ച്ച, പിന്നെ താന്തോന്നിത്തരവും

തിരുവനന്തപുരം: അമ്മത്തൊട്ടിലില്‍ കിട്ടിയ ആണ്‍കുട്ടിയെ പെണ്‍കുട്ടിയായി രേഖപ്പെടുത്തിയ സംഭവത്തിലൂടെ സംസ്ഥാന ശിശുക്ഷേമ സമിതിയിലെ ഗുരുതര വീഴ്ചകള്‍ പുറത്തുവരുന്നു. ആരും തിരിഞ്ഞുനോക്കാനില്ലാതെ ശിശുക്ഷേമ സമിതിയിലെ ഭരണ നിര്‍വ്വഹണം താറുമാറായ അവസ്ഥയിലാണ്. ജനറല്‍സെക്രട്ടറി അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ ഒരുകാര്യത്തിലും ശ്രദ്ധിക്കുന്നില്ലെന്നാണ് ആക്ഷേപം.

ശിശുക്ഷേമ സമിതിക്ക് കുട്ടികളെ നോക്കാന്‍ സമയമില്ലെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനം കയ്യാളുന്ന ജെ.എസ്.ഷിജുഖാന്‍ ജില്ലയിലെ ഡിവൈഎഫ്‌ഐയെ വളര്‍ത്താനുള്ള മുഴുവന്‍ സമയ ചുമതലയിലാണ്. അല്ലാത്ത സമയം സിപിഎമ്മിന് വേണ്ടി ചാനല്‍ ചര്‍ച്ചയുടെ തിരക്കിലും.

ജനറല്‍ സെക്രട്ടറിയുടെ ബോര്‍ഡ് വച്ച കാറിലാണ് ഡിവൈഎഫ്‌ഐ യോഗങ്ങള്‍ക്ക് അടക്കം പോകുന്നത്. വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകം നടന്നപ്പോള്‍ അന്ന് മുഴുവന്‍ ജനറല്‍സെക്രട്ടറിയുടെ കാറിലാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ സഞ്ചരിച്ചത്. കുട്ടികളുടെ കാര്യങ്ങള്‍ നോക്കാന്‍ ചുമതലയുള്ള ജനറല്‍സെക്രട്ടറി സിപിഎം വക്താവായി ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.

ഭരണ സമിതിയിലെ മറ്റ് അംഗങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. ട്രഷറര്‍ ആര്‍.രാജു ആറ്റിങ്ങല്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും ജോയിന്റ്‌സെക്രട്ടറി മീരാദര്‍ശക് കോഴിക്കോട് ഡെപ്യൂട്ടി മേയറുമാണ്. വൈസ് പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍ കണ്ണൂരിലെ സംഘചേതന നാടക സമതിയുടെ സെക്രട്ടറി ആണ്. എക്‌സിക്യുട്ടീവ് അംഗങ്ങളായ അഡ്വ.യേശുദാസ് പരപ്പള്ളി എറണാകുളം പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും. ഓ.എം.ബാലകൃഷ്ണന്‍ കോഴിക്കോട്ടെ കെഎസ്ടിഎ നേതാവും എം.കെ.പശുപതി തൃശൂരിലെ ബാലസംഘം ജില്ലാ കണ്‍വീനറുമാണ്.

ഇവരെല്ലാം കമ്മറ്റികളില്‍പോലും കൃത്യമായി പങ്കെടുക്കാറില്ലെന്നാണ് വിവരം. പരിപാടികള്‍ നടക്കുമ്പോള്‍ പോലും ഷിജുഖാനും ആര്‍.രാജുവും മാത്രമാണ് ഉണ്ടാവുക. കൈതമുക്കിലെ രണ്ട് കുട്ടികള്‍ മണ്ണ് വാരിത്തിന്ന സംഭവം പുറത്തുപറഞ്ഞതിന് അന്നത്തെ ജനറല്‍സെക്രട്ടറി എസ്.പി.ദീപക്കിനെ പുറത്താക്കിയതോടയാണ് ഷിജുഖാന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തില്‍ വരുന്നത്.

ഒക്‌ടോബര്‍ 23ന് പുലര്‍ച്ചെയാണ് അഞ്ച് ദിവസം പ്രായമായ കുട്ടിയെ അമ്മതൊട്ടിലില്‍ ലഭിക്കുന്നത്. തൈക്കാട് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴും പെണ്‍കുട്ടിയാണെന്നാണ് രേഖപ്പെടുത്തിയത്. ശിശുക്ഷേമ സമിതിയിലെ ഔദ്യോഗിക രേഖകളിലും പെണ്‍കുട്ടിയെന്ന് രേഖപ്പെടുത്തി.

കോറോണ വ്യാപനം കാരണം അമ്മത്തൊട്ടിലില്‍ കിട്ടുന്ന കുട്ടിയെ 14 ദിവസം ക്വാറന്റീനിലേക്ക് മാറ്റണമെന്നാണ് നിര്‍ദ്ദേശം. ഇതിന്റ അടിസ്ഥാനത്തില്‍ പിഎംജിയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴാണ് ആണ്‍കുട്ടിയാണെന്ന് മനസിലായത്. ഇത് വ്യക്തമാക്കുന്നത് ശിശുക്ഷേമ സമിതിയുടെ ഗുരുതര വീഴ്ചയാണെന്ന് ഈരംഗത്തുള്ളവര്‍ പറയുന്നു.

കുട്ടിയെ കിട്ടിയാല്‍ വ്യക്തമായ ദേഹ പരിശോധന നടത്തണം. രജിസ്റ്ററില്‍ കുട്ടി ആണോ പെണ്ണോ, തൂക്കം, തരിച്ചറിയാനുള്ള വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തിയതിനു ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. എന്നാല്‍ ഇവിടെ കുഞ്ഞിന്റെ ദേഹ പരിശോധനപോലും നടത്തിയിട്ടില്ലെന്ന് ഈ സംഭവത്തോടെ വ്യക്തമായിട്ടുണ്ട്. കുട്ടിയെ ഏറ്റെടുക്കുമ്പോള്‍ മാത്രമല്ല മുഴുവന്‍ സമയവും ഭരണ സമിതി അംഗങ്ങളില്‍ ആരെങ്കിലും ഉണ്ടാകണം എന്നാണ്. എന്നാല്‍ ഇവിടെ അതും ഉണ്ടായിട്ടില്ല.

Related Articles

Latest Articles