കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭരണം നിലവില്‍ വന്നതോടു കൂടി, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ കൊണ്ട് നേടിയെടുത്ത പൗരാവകാശങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയത്തില്‍ വിറങ്ങലിച്ച് കഴിയുകയായിരുന്നു അഫ്ഗാന്‍ വനിതകൾ. താലിബാൻ വീണ്ടും ഭരണത്തിലെത്തിയപ്പോള്‍, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ അഫ്ഗാന്‍ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. എന്നാൽ താലിബാന്‍ നേതാക്കള്‍ പറഞ്ഞത് ശരിയാ നിയമങ്ങള്‍ക്കനുസൃതമായി സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നാണ്. അതേസമയം, ഇതിനോടകം തന്നെ സ്ത്രീകള്‍ക്കെതിരായ പല ആക്രമ സംഭവങ്ങള്‍ക്കും അഫ്ഗാനിസ്ഥാന്‍ സാക്ഷ്യം വഹിച്ചു കഴിഞ്ഞു. സ്ത്രീകൾക്ക് പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചു, ജോലി ചെയ്യാനുള്ള അവകാശം നിഷേധിച്ചു, അത് പോലെ താലിബാന്‍ നേതൃത്വം സ്ത്രീകളുടെ ‘അവകാശ പരിധി’യ്ക്ക് പുറത്തെന്നു കരുതുന്ന പല കാര്യങ്ങളില്‍ നിന്നും അവരെ വിലക്കിയിരിക്കുകയാണ്.
അതേസമയം താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ചതോടെ ആയിരകണക്കിന് സ്ത്രീകളുൾപ്പടെയാണ് കാബൂളില്‍ നിന്ന് പലായനം ചെയ്തത്. വിദേശരാജ്യങ്ങളിലേക്ക് രക്ഷപ്പെടുകയായിരുന്നു അവര്‍. തുടര്‍ന്ന് പഞ്ചഷിറിലും അഫ്ഗാന്റെ വിവിധ പ്രദേശങ്ങളിലും താലിബാനെതിരെ ഒറ്റപ്പെട്ട പ്രതിഷേധം നടന്നിരുന്നു. കാബൂളില്‍ താലിബാനെതിരെ വനിതകള്‍ രംഗത്തിറങ്ങുകയും ചെയ്തു.

