Tuesday, December 16, 2025

മഹാബലിപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റിൽ, ആക്രമിച്ചത് പ്രതിയുടെ കീഴിലുള്ള അനാഥമന്ദിരത്തിലെ അന്തേവാസിയെ

തമിഴ്നാട്: മഹാബലിപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍. ചെങ്കല്‍പേട്ട് ജില്ലയിലെ മഹാബലിപുരത്ത് അനാഥാലയം നടത്തുന്ന ചാര്‍ളിയെന്ന 58കാരനാണ് അറസ്റ്റിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള അനാഥമന്ദിരത്തിൽ കഴിയുന്ന പെണ്‍കുട്ടിയെയാണു പീഡനത്തിനിരയാക്കുകയും ഗർഭിണിയാണെന്ന് അറിഞ്ഞതിനെ തുടർന്ന് കടന്നുകളയുകയും ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് സംഭവം നടന്നത്. ഈയിടെയാണ് പെണ്‍കുട്ടി പോലീസ് സഹായം തേടിയത്.

അനാഥാലയത്തില്‍ താമസിച്ചിരുന്ന പതിനാറുകാരിയെ പ്രതി വശീകരിച്ചു പീഡിപ്പിക്കുകയായിരുന്നു. ഒടുവിൽ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇക്കാര്യം അറിഞ്ഞതോടെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി പെണ്‍കുട്ടിയെ രാജമംഗലത്തുള്ള ഒരു സ്ത്രീയുടെ വീട്ടിലെത്തിച്ചു.

പ്രസവശേഷം വീട്ടിലേക്കു കൊണ്ടുപോകാമെന്നായിരുന്നു പ്രതി പെണ്‍കുട്ടിക്ക് നൽകിയ വാക്ക്. എന്നാൽ മാസങ്ങള്‍ കഴിഞ്ഞിട്ടും പുരോഹിതന്‍ തിരികെ വന്നില്ല. ഫോണില്‍ ബന്ധപ്പെടാനും കഴിഞ്ഞില്ല. തുടര്‍ന്നു പെൺകുട്ടി മഹാബലിപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിയടത്തില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം, ഇയാള്‍ അനാഥാലയത്തിലെ മറ്റു കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Latest Articles