Tuesday, December 16, 2025

പട്ടാമ്പിയിൽ 16 കാരന് പോലീസ് മർദ്ദനം ! കൗമാരക്കാരനെ ആളുമാറി തല്ലിച്ചതച്ചത് രക്ഷിതാക്കളുടെ കൺമുന്നിൽ വച്ച്; എസ്പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി കുടുംബം

പാലക്കാട്: പട്ടാമ്പിയിൽ 16 കാരനെ പോലീസ് വീട്ടിൽ കയറി ആളു മാറി മർദ്ദിച്ചതായി പരാതി. പട്ടാമ്പി പൊലീസിനെതിരെ പരാതിയുമായി കാരക്കാട് പാറപ്പുറം സ്വദേശി ത്വാഹാ മുഹമ്മദാണ് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ പാലക്കാട് എസ് പിക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കി. എന്നാല്‍, മര്‍ദിച്ചെന്ന ആരോപണം പട്ടാമ്പി പൊലീസ് നിഷേധിച്ചു. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി വരികയായിരുന്നു ത്വാഹാ മുഹമ്മദ് .

തൊട്ടുപിറകെ വീട്ടിലേക്ക് പൊലീസ് ജീപ്പെത്തി. ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ വീട്ടിൽ കയറിയ പൊലീസ് രക്ഷിതാക്കളുടെ മുന്നിൽ വെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഓങ്ങല്ലൂർ പാറപ്പുറം പറമ്പിൽ മുസ്തഫയുടെ മകനായ ത്വാഹ ഷോർണൂർ ഗണേശേരി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി ആണ്. മർദ്ദനമേറ്റെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നല്‍കി. ബൈക്കിൽ പോയ മറ്റൊരു യുവാവ് പൊലീസ് കൈകാട്ടിയിട്ടും നിര്‍ത്താതെ പോയിരുന്നു. ആ യുവാവാണെന്ന് തെറ്റിദ്ധരിച്ചാണ് ത്വാഹയുടെ വീട്ടിലെത്തിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം.

Related Articles

Latest Articles