കൊട്ടാരക്കര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.ടെനി മദ്യ ലഹരിയിലായിരുന്നുവെന്നും നരഹത്യയ്ക്ക് കേസെടുത്തതായും പോലീസ് അറിയിച്ചു. ഇഞ്ചക്കാട് തിരുവാതിരയില്‍ ഷൈന്‍കുട്ടന്‍(33) ആണ് പുത്തൂര്‍ കൊട്ടാരക്കര റോഡില്‍ അവണൂര്‍ കശുവണ്ടി ഫാക്ടറിക്കു സമീപം ഉണ്ടായ അപകടത്തില്‍ മരിച്ചത്.
ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു ആയിരുന്നു അപകടം. വെണ്ടാറില്‍ നിന്നും കൊട്ടാരക്കരയിലേക്കു വരികയായിരുന്ന ജോപ്പന്റെ കാര്‍ റോഡിന്റെ വലതു ഭാഗം കടന്ന് എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഓടയിലേക്കു തെറിച്ചു വീണ ഷൈന്‍കുട്ടനെ ഓടിക്കൂടിയ നാട്ടുകാർ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെല്‍ഡിങ് തൊഴിലാളിയാണ് മരിച്ച ഷൈന്‍കുട്ടന്‍. അച്ഛന്‍: മണിക്കുട്ടന്‍.അമ്മ:ഉഷാദേവി.

