Sunday, December 14, 2025

ആലപ്പുഴയിൽ നവജാത ശിശുവിനെ കുഴിച്ചു മൂടിയെന്ന കേസ് ! കുഞ്ഞിന്റെ അമ്മയെയും കാമുകനെയും പ്രതികളാക്കി എഫ്‌ഐആർ

ആലപ്പുഴയില്‍ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസില്‍ അമ്മയെയും കാമുകനെയും പ്രതിയാക്കി പോലീസ് എഫ്ഐആ‍ര്‍. കൊല്ലനാടി പാട ശേഖരണം തെക്കേ ബണ്ടിൽ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും. കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണ്. കാമുകനും സുഹൃത്തും പോലീസ് കസ്റ്റഡിയിലാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. കുഞ്ഞിന്‍റെ മരണം കൊലപാതകമാണോ എന്നതില്‍ സ്ഥിരീകരണമായില്ല. ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കാൻ കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരും. സംഭവത്തിൽ യുവതിയുടെ കാമുകനും ഇയാളുടെ സുഹൃത്തുമാണ് കസ്റ്റഡിയിലുള്ളത്.

പൂച്ചാക്കല്‍ സ്വദേശിനിയും അവിവാഹിതയുമായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കാമുകന്റെ നാടായ തകഴിയില്‍ കൊന്ന് കുഴിച്ചുമൂടിയത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പ്പറമ്പ് തോമസ് ജോസഫ്(24) ഇയാളുടെ സുഹൃത്ത് അശോക് ജോസഫ്(24) എന്നിവരെ പൂച്ചാക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പൂച്ചാക്കലിലെ വീട്ടില്‍വെച്ച് 22-കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് കുഞ്ഞിനെ വീടിന്റെ സണ്‍ഷേഡില്‍ ഒളിപ്പിച്ചു. തുടർന്ന് അണുബാധയെ തുടർന്ന് ഇന്നലെ യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

പ്രസവത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ കുഞ്ഞ് വീട്ടിലുണ്ടെന്നും കുഞ്ഞിനെ കാമുകന്‍ കൊണ്ടുപോയെന്നും ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നുമൊക്കെ പരസ്‌പര വിരുദ്ധമായാണ് യുവതി മറുപടി പറഞ്ഞത്. ഇതോടെ ഡോക്ടർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമായി. യുവതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കാമുകനെക്കുറിച്ച് വെളിപ്പെടുത്തി. തുടര്‍ന്ന് ശനിയാഴ്ച രാത്രി പത്തരയോടെ കാമുകനെ കസ്റ്റഡിയിലെടുത്തതോടെയാണ് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം ലഭിച്ചത്.

Related Articles

Latest Articles