Monday, December 15, 2025

ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസ് ! കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന

പത്തനംതിട്ട : കൊല്ലം ഓയൂരിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിൽ പ്രത്യേക അനേഷണ സംഘം പരിശോധന നടത്തി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണു കുട്ടിയുടെ അച്ഛൻ നഗരത്തിലെ ഫ്ലാറ്റിലാണു താമസിച്ചിരുന്നത്. പരിശോധനയിൽ നിന്നും ഇദ്ദേഹത്തിന്റെ ഒരു ഫോൺ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണു കുട്ടിയുടെ പിതാവ്. പത്തനംതിട്ടയിലെ ഫ്ലാറ്റിൽനിന്നു വെള്ളിയാഴ്ച വൈകുന്നേരം നാട്ടിലേക്കു പോയി തിങ്കളാഴ്ച രാവിലെ മടങ്ങി ഇയാളുടെ പതിവു രീതി.

അതേസമയം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ആറുവയസ്സുകാരി ആശുപത്രി വിട്ടു. ചൊവ്വാഴ്ച വൈകുന്നേരമാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തന്നെ തട്ടിക്കൊണ്ടുപോയവരുടെ സംഘത്തിൽ രണ്ടു സ്ത്രീകളുണ്ടെന്നു പെൺകുട്ടി പറഞ്ഞു. ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രം ഉടൻ പുറത്തുവിടും. മറ്റുള്ളവരുടെ മുഖം ഓർമയില്ലെന്നാണു പെൺകുട്ടി പറയുന്നത്.

നാടിനെ നടുക്കിയ തട്ടിക്കൊണ്ടുപോകൽ സംഭവം നാലുദിവസം പിന്നിട്ടിരിക്കുകയാണ്. കുട്ടിയെ സുരക്ഷിതമായി തിരികെ കിട്ടിയെങ്കിലും പ്രതികളെക്കുറിച്ച് ഇതുവരെയും പൊലീസിന് ഒരു വിവരവുമില്ല. അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണു പൊലീസ്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലേക്കാണു പരിശോധന വ്യാപിപ്പിക്കുന്നത്.

ഓരോ പ്രദേശത്തും എത്തി സിസിടിവി ക്യാമറകൾ പരിശോധിച്ചും ദൃക്സാക്ഷി മൊഴികൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ഇതിനു പുറമേ ഫോൺകോൾ പരിശോധന, വാഹന പരിശോധന എന്നിവയും തകൃതിയായി നടക്കുന്നുണ്ട്. സംശയമുള്ളവരെ നിരീക്ഷിച്ചും സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ആശ്രാമം മൈതാനത്ത് അബിഗേലിനെ ഉപേക്ഷിക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പകല്‍ 1.14 ന് കുട്ടിയെ ഒക്കത്തിരുത്തി ഒരു സ്ത്രീ ഓട്ടോയില്‍ നിന്നിറങ്ങി മൈതാനത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സംഭവത്തിന് മൂന്ന് ദിവസങ്ങൾക്കിപ്പുറവും പ്രതികളെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. കൃത്യത്തിനു പിന്നിലെ ലക്ഷ്യവും ദുരൂഹമായി തുടരുകയാണ്. ആധുനിക സാങ്കേതികവിദ്യകളെല്ലാം ഉപയോഗിച്ചുള്ള അന്വേഷണമാണെന്നു പറയുമ്പോഴും പ്രതികള്‍ സഞ്ചരിച്ച കാറോ റൂട്ടോ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. പോലീസ് തയ്യാറാക്കിയ രേഖാചിത്രത്തിന്റെ ചുവടുപിടിച്ച് ചിലരെ ചോദ്യംചെയ്തിരുന്നെങ്കിലും അവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നു വ്യക്തമായിട്ടുണ്ട്

Related Articles

Latest Articles