Wednesday, December 24, 2025

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസ് ! കസ്റ്റഡിയിലുള്ളവരുടെ വിവരങ്ങൾ പുറത്ത് ; ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യൽ തുടരുന്നു !

ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ മൂന്നുപേരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യഅനിത, മകള്‍ അനുപമ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അടൂര്‍ എ.ആര്‍. ക്യാമ്പിലെത്തിച്ച ഇവരെ എഡിജിപി എം.ആര്‍. അജിത്കുമാര്‍, ഡിഐജി ആര്‍. നിശാന്തിനി, ഐജി. സ്പര്‍ജന്‍ കുമാര്‍ എന്നിവര്‍ ചോദ്യം ചെയ്യുകയാണ്.

കേരള – തമിഴ്‌നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. പദ്മകുമാറിന് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്‍ജിനീയറിങ് ബിരുദധാരിയാണ് പദ്മകുമാര്‍.

തെങ്കാശിയിലെ ചെങ്കോട്ടയ്ക്കും പുളിയറൈയ്ക്കും ഇടയ്ക്കുള്ള ഹോട്ടലില്‍വെച്ച് ഉച്ചഭക്ഷണം കഴിക്കവേയാണ് ഇവർ പിടിയിലായത്. ചാത്തന്നൂരിലെ പദ്മകുമാറിന്റെ വീടിനു മുന്നില്‍ ഒരു സ്വിഫ്റ്റ് ഡിസയര്‍ കാര്‍ നിര്‍ത്തിയിരിക്കുന്ന നിലയിലുണ്ട്. ഈ കാറാണോ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ചതെന്ന് പരിശോധിക്കും. റിയൽ എസ്റ്റേറ്റ് അടക്കമുള്ളവയിൽ കൂടി സാമ്പത്തിക ഭദ്രതയുള്ള പശ്ചാത്തലമുള്ള പദ്മകുമാർ കേസിൽ കസ്റ്റഡിയിലായത് വിശ്വസിക്കാനാകുന്നില്ലെന്നാണ് അയൽക്കാരുടെയും നാട്ടുകാരുടെയും പ്രതികരണം. അതേസമയം കസ്റ്റഡിയിലായ ആൾക്കാരെ ആറ് വയസുകാരി തിരിച്ചറിഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.

Related Articles

Latest Articles