Saturday, December 20, 2025

കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസ് ; ഐ എസ് ഭീകരൻ റിയാസ് അബൂബക്കറിന് പത്ത് വർഷം കഠിന തടവ്

കൊച്ചി: കേരളത്തിൽ ഭീകരാക്രമണം നടത്താൻ ആസൂത്രണം ചെയ്ത കേസിൽ പ്രതിയും ഐ എസ് ഭീകരനുമായ റിയാസ് അബൂബക്കറിന് ശിക്ഷ വിധിച്ച് പ്രത്യേക എൻ ഐ എ കോടതി. 10 വർഷം കഠിനതടവാണ് കൊച്ചി എൻ ഐ എ കോടതി വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു.

വിവിധ വകുപ്പുകൾ പ്രകാരം 25 വർഷം കഠിന തടവുണ്ടെങ്കിലും, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. കൂടാതെ, 1,25,000 പിഴയും കോടതി വിധിച്ചിട്ടുണ്ട്. അതേസമയം, നാല് വർഷം പ്രതി ജയിലിൽ കഴിഞ്ഞ കാലാവധി ശിക്ഷയിൽ ഇളവ് ചെയ്യും. യുഎപിഎ പ്രകാരമുള്ള രണ്ട് കുറ്റങ്ങൾ ഉൾപ്പടെ പ്രതിക്കെതിരെ മൂന്ന് കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. 2018 മെയ് 15നാണ് എൻഐഎ റിയാസ് അബൂബക്കറിനെ ഭീകരാക്രമണ കേസിൽ എൻ ഐ എ അറസ്റ്റ് ചെയ്തത്.

യുഎപിഎ യിലെ 38,39 വകുപ്പുകളും ഗൂഢാലോചനയുമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു ഇയാളുടെ അറസ്റ്റ്. ഇയാളുടെ പക്കൽ നിന്നും നിരവധി ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തിരുന്നു. ശ്രീലങ്കൻ സ്ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടുവെന്നാണ് റിയാസ് അബൂബക്കറിനായുള്ള കേസ്. ഇതിന് പുറമേ ഇയാൾ സ്വയം ചാവേറാകാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് എൻ ഐ എയുടെ കണ്ടെത്തൽ.

Related Articles

Latest Articles