Saturday, December 20, 2025

മൈനാ​ഗപ്പളളിയിൽ സ്‌കൂട്ടർ യാത്രികയെ ഇടിച്ചിട്ട ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസ് ! പ്രതികളായ അജ്മലും ഡോ ശ്രീക്കുട്ടിയും 14 ദിവസം റിമാന്‍ഡിൽ

കൊല്ലം മൈനാ​ഗപ്പളളിയിൽ സ്‌കൂട്ടർ യാത്രികയെ ഇടിച്ചിട്ട ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അജ്മലും സുഹൃത്ത് ഡോക്ടർ ശ്രീക്കുട്ടിയും റിമാന്‍ഡിൽ. ശാസ്താംകോട്ട കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പ്രതികൾക്കെതിരെ മനപൂര്‍വ്വമായ നരഹത്യ കുറ്റം ചുമത്തി കേസെടുത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

ഇന്നലെയാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്. റോഡിൽ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു.

തിരുവോണദിവസമായ ഇന്നലെ വൈകുന്നേരം 5.30-നാണ് ആനൂര്‍ക്കാവില്‍ നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. കടയില്‍നിന്ന് സാധനം വാങ്ങി സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് കുഞ്ഞുമോളെയും സഹോദരിയെയും അമിതവേഗതയില്‍ കരുനാഗപ്പള്ളി ഭാഗത്തുനിന്ന് വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നാലെ റോഡിലേക്ക് തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിന് മുകളിലൂടെ കയറ്റിയിറക്കി നിര്‍ത്താതെ പോകുകയുമായിരുന്നു. ഹംപിന് മുകളിലൂടെ കയറിയിറങ്ങുന്നപോലെയാണ് അജ്മൽ സ്ത്രീയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയത്.

തിരുവോണ ദിനമായ ഇന്നലെ അജ്മലും വനിതാ ഡോക്ടറും മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ ഓണസദ്യ കഴിക്കാന്‍ പോയതായിരുന്നു. ഇവിടെനിന്ന് കാറില്‍ മടങ്ങുന്നതിനിടെയാണ് സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചശേഷം സ്ത്രീയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയത്. തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടർ കൊല്ലത്തെ ആശുപത്രിയില്‍ ജോലിക്കെത്തിയശേഷമാണ് അജ്മല്‍ പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് സാമൂഹികമാധ്യമത്തിലൂടെ സൗഹൃദം വളര്‍ന്നു. തുടര്‍ന്ന് ഇരുവരും അടുത്ത സുഹൃത്തുക്കളായെന്നും പറയപ്പെടുന്നു. കൊല്ലം ഇടക്കുളങ്ങര സ്വദേശിനിയുടെ പേരിലുള്ളതാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍. സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചശേഷം കാര്‍ മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടത് വനിതാ ഡോക്ടറാണെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. അതേസമയം ഡോ. മായ ശ്രീക്കുട്ടിയെ ജോലിയില്‍നിന്ന് പുറത്താക്കിയതായി കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. ആശുപത്രിയിലെ താത്കാലിക ഡോക്ടറായിരുന്നു തിരുവനന്തപുരം സ്വദേശിനിയായ ശ്രീക്കുട്ടി.നാട്ടുകാർ ആക്രമിക്കുമെന്ന് ഭയന്നാണ് വാഹനം മുന്നോട്ടെടുത്ത് പോയതെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. അജ്മല്‍ നേരത്തെ അഞ്ച് കേസുകളില്‍ പ്രതിയാണ്. ചന്ദനക്കടത്ത്, വഞ്ചന, തട്ടിപ്പുകേസുകളിലും മയക്കുമരുന്ന് കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്

Related Articles

Latest Articles