മലപ്പുറം: എടവണ്ണയില്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കേസ് അന്വേഷിക്കുന്ന സംഘത്തിലെ സിഐയെ സ്ഥലം മാറ്റിയത് വിവാദത്തില്‍. ചോദ്യം ചെയ്യലും തെളിവെടുപ്പും ഉള്‍പ്പെടെയുള്ള നടപടികൾ
പുരോഗമിക്കുന്നതിനിടെയാണ് നിലമ്പൂര്‍ സിഐയെ സ്ഥലം മാറ്റിയത്. എന്നാൽ ഇത് കേസ് അട്ടിമറിക്കാൻ ആണെന്നാണ് യുഡിഎഫിന്റെ ആരോപണം.
എടവണ്ണ സ്വദേശി റിദാന്‍ ബാസിത്തിനെ വെടിവെച്ചു കൊന്നകേസില്‍ മുഖ്യപ്രതി എടവണ്ണ മുണ്ടേങ്ങര കൊളപ്പാടൻ മുഹമ്മദ് ഷാനെയും ഇയാള്‍ക്ക് സഹായങ്ങള്‍ നല്‍കിയ മറ്റ് മൂന്ന് പേരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ഇതിനിടയിലാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നിലമ്പൂര്‍ സിഐ വിഷ്ണുവിന് മങ്കട സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. പ്രതികളില്‍ ചിലര്‍ക്ക് സിപിഎം പ്രാദേശിക നേതൃത്വവുമായി അടുപ്പമുണ്ടെന്നും അതു കൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതെന്നുമാണ് യുഡിഎഫിന്റെ ആരോപണം.വ്യക്തി വൈരാഗ്യം കൊണ്ടാണ് കൊലപാതകമെന്നാണ് അറസ്റ്റിലായ മുഖ്യപ്രതിയുടെ മൊഴിയെങ്കിലും ലഹരി സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. തെളിവുശേഖരണം ഉള്‍പ്പെടെയുള്ളവ നടക്കുന്ന ഈ ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്നാണ് യുഡിഎഫ് ആരോപണം.

