പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍ അലന്റെ സുഹൃത്ത് ഒറ്റപ്പാലം സ്വദേശി അജീഷ് ആണ് പിടിയിലായത്. തൃശ്ശൂരില്‍ നിന്നാണ് അര്‍ധരാത്രിയോടെ അജീഷിനെ പോലീസ് പിടികൂടിയത്.
കാറിലിരുന്നു മദ്യപിക്കുകയായിരുന്നു എന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി. പോലീസ് അവിടേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പിടിക്കപ്പെടാതിരിക്കാനാണ് എസ്‌ഐയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാറുമായി വെട്ടിച്ചു കടന്നുകളഞ്ഞതെന്നും പ്രതികള്‍ പോലീസിന് മൊഴി നൽകി.
അതേസമയം, പ്രതികള്‍ എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു എന്നാണ് പോലീസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. കേസിലെ മുഖ്യപ്രതിയായ അലനെ കഴിഞ്ഞ ദിവസം പട്ടാമ്പിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

