Monday, December 15, 2025

മഹാരാഷ്ട്രയില്‍ നിന്ന് ഒന്നര കോടി കവര്‍ച്ച നടത്തിയ സംഘം രക്ഷപ്പെട്ടെത്തിയത് വയനാട്ടില്‍; സിനിമാ സ്റ്റൈലിൽ തടഞ്ഞ് കേരളാ പോലീസ് ; പിടിയിലായവരെല്ലാം പാലക്കാട് സ്വദേശികൾ

കൽപറ്റ : മഹാരാഷ്ട്രയില്‍നിന്ന് ഒന്നര കോടിയോളം രൂപ കവര്‍ച്ച നടത്തി രക്ഷപ്പെട്ട സംഘം വയനാട്ടില്‍ പിടിയിലായി. പാലക്കാട് സ്വദേശികളാണ് പിടിയിലായവരെന്നാണ് വിവരം. കുമ്മാട്ടര്‍മേട്, ചിറക്കടവ്, ചിത്തിര വീട്ടില്‍ നന്ദകുമാര്‍(32), കാണിക്കുളം, കഞ്ഞിക്കുളം അജിത്കുമാര്‍(27), പോല്‍പുള്ളി,പാലാനംകൂറിശ്ശി, സുരേഷ്(47), കാരെക്കാട്ട്പറമ്പ്, ഉഷ നിവാസ്, വിഷ്ണു(29), മലമ്പുഴ, കാഞ്ഞിരക്കടവ്, ജിനു(31), വാവുല്യപുരം, തോണിപാടം, കലാധരന്‍(33) എന്നിവരെയാണ് ഹൈവേ പോലീസും കല്പറ്റ പോലീസും സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. പിടിയിലായവരെല്ലാം നേരത്തെ കവര്‍ച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരാണ്.

മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലെ ബുഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ചയാണ് കവര്‍ച്ച നടന്നത്. കാറില്‍ കൊണ്ടുപോകുകയായിരുന്നു ഒന്നര കോടി രൂപയാണ് രണ്ട് കാറുകളിലായി എത്തിയ സംഘം കവര്‍ച്ച നടത്തിയത്. മഹാരാഷ്ട്രാ പോലീസ് സംഘത്തെ പിന്തുടര്‍ന്നു വരികയായിരുന്നു. ഇവര്‍ വയനാട് ജില്ലയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ കൈനാട്ടിയില്‍ വച്ച് സംഘത്തെ പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു.

ഒരു വാഹനത്തിലുണ്ടായിരുന്ന ആറു പേരെയാണ് പിടികൂടിയത്. ഒരു ഇന്നോവയിലുള്ളവര്‍കൂടി കവര്‍ച്ചയില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് വിവരം. ഇവരെ പിടികൂടാനായിട്ടില്ല. പിടികൂടിയവരെ വൈദ്യ പരിശോധനക്ക് ശേഷം മഹാരാഷ്ട്ര പോലീസിന് കൈമാറി. ഇവരുടെ വാഹനത്തില്‍നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

Related Articles

Latest Articles