മോസ്‌കോ : ദ്വിദിന സന്ദര്‍ശനത്തിന് റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വമ്പൻ വരവേൽപ്. ഇന്ന് രാവിലെ പത്തരയ്ക്ക് ദില്ലിയിൽ നിന്ന് പുറപ്പെട്ട പ്രധാനമന്ത്രി വൈകുന്നേരം 5.10-ഓടെയാണ് മോസ്‌കോയിലെത്തിയത്. നാളെ മോസ്‌കോയില്‍ നടക്കുന്ന 22-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്ന് മോദിക്ക് അത്താഴവിരുന്ന് നല്‍കും. പുടിനുമായുള്ള ചർച്ചയും ഇന്ന് നടക്കും.
റഷ്യയുടെ ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍, ഡെനിസ് മന്‍ടുറോവാണ് മോദിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം മോദിയെ ഹോട്ടലിലേക്ക് കൊണ്ടുപോയ കാറിലും, ഡെനിസ് ഒപ്പമുണ്ടായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് റഷ്യ സന്ദര്‍ശിച്ച വേളയില്‍ സ്വീകരിക്കാനെത്തിയത് റഷ്യയുടെ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയത് ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററേക്കാള്‍ മുതിര്‍ന്ന ഫസ്റ്റ് ഡെപ്യൂട്ടി പ്രൈംമിനിസ്റ്ററാണ്.
ഹോട്ടലിലെത്തിയ മോദിയെ റഷ്യയിലെ ഇന്ത്യന്‍ സമൂഹം സ്വീകരിച്ചു. ദ്വിദിന റഷ്യൻ പര്യടനം പൂർത്തിയാക്കിയ ശേഷം ഒമ്പതാം തീയതി പ്രധാനമന്ത്രി ഓസ്ട്രിയയിലേക്ക് പോകും. 41 വർഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെലെൻ, ചാൻസലർ കാൾ നെഹാമ്മെർ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിൽനിന്നും ഓസ്ട്രിയയിൽനിന്നുമുള്ള വ്യവസായികളുടെ യോഗത്തെ പ്രധാനമന്ത്രിയും കാൾ നെഹാമ്മെറും അഭിസംബോധന ചെയ്യും. ശേഷം വിയന്നയിലെയും ഇന്ത്യൻ സമൂഹത്തോട് പ്രധാനമന്ത്രി ആശയവിനിമയം നടത്തും.

