കൊച്ചി : മലയാള സാഹിത്യത്തിലെ അതികായനും പ്രമുഖ സാഹിത്യ നിരൂപകനുമായ പ്രൊഫ. എം.കെ. സാനു അന്തരിച്ചു. 99 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം 5.35-ഓടെയായിരുന്നു അന്ത്യം. വീട്ടിൽ വഴുതി തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് പിന്നീട് ന്യൂമോണിയ ബാധിച്ചിരുന്നു.
മൃതദേഹം നാളെ (ഓഗസ്റ്റ് 3, ഞായറാഴ്ച) രാവിലെ 8 മണിക്ക് അമൃത ആശുപത്രിയിൽ നിന്ന് എറണാകുളത്തെ വസതിയിലേക്ക് കൊണ്ടുപോകും. രാവിലെ 9 മുതൽ 10 വരെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം, 10 മണി മുതൽ ടൗൺ ഹാളിൽ പൊതുദർശനമുണ്ടാകും. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
എഴുത്തുകാരൻ, പ്രഭാഷകൻ, ചിന്തകൻ, സാഹിത്യ വിമർശകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടിലേറെയായി മലയാള സാഹിത്യത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് സാനു മാഷ്. മഹാരാജാസ് കോളേജ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിവിധ കോളേജുകളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1987-ൽ എറണാകുളത്തിന്റെ എം.എൽ.എയായും പ്രവർത്തിച്ചു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വാർധക്യത്തിലും സാഹിത്യ, സാമൂഹിക പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. മലയാള സാഹിത്യലോകത്തിന് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്. പ്രമുഖരായ നിരവധി സാഹിത്യകാരന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ജീവിതത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച ജീവചരിത്രങ്ങൾ ഏറെ ശ്രദ്ധേയമാണ്.

