ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. മനസ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്ന യോഗാഭ്യാസത്തിന്റെ ഗുണഗണങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ലക്ഷ്യം. ഒരു മനുഷ്യന്റെ ശാരീരികവും മാനസികവും സാന്മാർഗികവുമായ ഉന്നത സംസ്കാരത്തെ ആശ്രയിച്ചാണ് ഒരു രാഷ്ട്രത്തിന്റെ സർവതോമുഖമായ അഭിവൃദ്ധിയും ഐശ്വര്യവും. അത്കൊണ്ട് തന്നെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്. ആരോഗ്യമെന്ന ദിവ്യ സമ്പത്ത് കാത്തുസൂക്ഷിക്കുന്നതിൽ യോഗയ്ക്കുള്ള പങ്ക് നിസ്സീമമാണ്. രോഗനിവാരണത്തിനുള്ള വിശിഷ്ടമായ ഉപാധിയെന്ന നിലയിൽ യോഗാസനത്തിന്റെ പ്രാധാന്യം ലോകം മുഴുവൻ അംഗീകരിച്ചിട്ടുണ്ട്.
രണ്ടായിരം വർഷം മുമ്പ് യോഗയെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക ഗ്രന്ഥം രചിച്ചത് പതഞ്‌ജലി മഹർഷിയാണ്. യോഗയ്ക്ക് പിന്നീട് നിരവധി വ്യാഖ്യാനങ്ങളും പ്രയോഗ ഭേദങ്ങളുമുണ്ടായി. ഇന്ന്, നടുവേദന മുതൽ മൈഗ്രെയ്ൻ വരെ നിരവധി രോഗങ്ങൾക്ക് പ്രായഭേദമെന്യേ പലരും ആശ്രയിക്കുന്നത് യോഗാഭ്യാസത്തെയാണ്. യോഗയുടെ ഗുണഗണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം മുന്നോട്ടു വെക്കുന്നത്.
2014 സെപ്തംബർ 27 ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ആ നിർദ്ദേശം. പിന്നീടങ്ങോട്ടുള്ള എല്ലാവർഷവും ജൂൺ 21 -ന് ലോകമെമ്പാടുമുള്ള യോഗപ്രേമികൾ യോഗ സംഗമങ്ങൾ സംഘടിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു പോരുന്നു. അയ്യായിരം കൊല്ലത്തെ പാരമ്പര്യമുള്ള ഈ ജീവിത ചര്യ, ലോകത്തിനു മുന്നിൽ ഭാരതത്തിന് അഭിമാനമേകുന്ന ഒന്നാണ്.

