മെക്‌സിക്കോ സിറ്റി : മെക്സിക്കോയിൽ പറക്കുന്നതിനിടെ ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. സഞ്ചാരികൾ ഇരിക്കുന്ന കോക്‌പിറ്റ് പൂർണ്ണമായും തീവിഴുങ്ങിയതോടെ മറ്റു വഴികളില്ലാതെ താഴേക്ക് ചാടിയ രണ്ട് പേരാണ് മരിച്ചത്. മെക്‌സിക്കോ സിറ്റിയിലെ പ്രശസ്തമായ തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമായിരുന്നു അപകടം.
50 വയസ്സുള്ള മധ്യവയസ്കനും 39 വയസ്സുള്ള യുവതിയുമാണു മരിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എന്നാൽ ഇവരുടെ വ്യക്തിവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിക്കു പൊള്ളലേറ്റെങ്കിലും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. കുട്ടിയുടെ വലത് തുടയെല്ലിന് പൊട്ടലുമുണ്ട്. എയര്‍ ബലൂണിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബലൂണില്‍ മറ്റ് യാത്രക്കാർ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

