Wednesday, December 17, 2025

കുഞ്ഞിനെ വാങ്ങിയത് വളർത്താൻ; കുഞ്ഞിന് വേണ്ടി അമ്മതൊട്ടിലിൽ സമീപിച്ചെങ്കിലും സ്വന്തമായി വീടില്ലാത്തതിനാൽ ലഭിച്ചില്ല; വെളിപ്പെടുത്തലുമായി നവജാത ശിശുവിനെ വാങ്ങിയ കരമന സ്വദേശിനി

തലസ്ഥാനത്ത് നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ പ്രതികരണവുമായി കുഞ്ഞിനെ വാങ്ങിയ സ്ത്രീ രംഗത്ത് വന്നു. തനിക്ക് മക്കളില്ലാത്തതിനാലാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ് കരമന സ്വദേശിനിയായ സ്ത്രീ വ്യക്തമാക്കിയിരിക്കുന്നത്.

“എനിക്ക് കുഞ്ഞിന്റെ യഥാർത്ഥ മാതാവുമായി രണ്ടു വർഷത്തെ പരിചയമുണ്ട്. അവസ്ഥ കൊണ്ടു ചോദിച്ചതാണ്, സ്നേഹബന്ധത്തിന്റെ പുറത്താണ് കുഞ്ഞിനെ നൽകിയത്. അവരുടെ ഭർത്താവ് പ്രശ്നമുണ്ടാക്കിയപ്പോഴാണ് പണം ചോദിച്ചത്. മൂന്നു ലക്ഷം രൂപ പലപ്പോഴായി ചോദിച്ചു. കുഞ്ഞിനെ വളർത്താനാണ് ആഗ്രഹം. കുഞ്ഞിന് വേണ്ടി അമ്മതൊട്ടിലിൽ സമീപിച്ചിരുന്നു. സ്വന്തമായി വീടില്ലാത്തതിനാൽ കിട്ടിയില്ല. പിന്നാലെ കുഞ്ഞില്ലാത്ത സങ്കടം കുഞ്ഞിന്റെ യഥാർത്ഥ അമ്മയോട് പറഞ്ഞിരുന്നു. ഗർഭം ധരിക്കാമെന്ന് അവർ തന്നോട് സമ്മതിക്കുകയായിരുന്നു” – അവർ വ്യക്തമാക്കി.

മൂന്ന് ലക്ഷം രൂപ നൽകി നവജാത ശിശുവിനെ വിൽപ്പന നടത്തിയെന്ന വാർത്ത ഇന്ന് വൈകുന്നേരത്തോടെയാണ് പുറം ലോകമറിഞ്ഞത്. കുഞ്ഞില്ലാത്ത കരമന സ്വദേശിയായ സ്ത്രീയുടെ വീട്ടിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ ശബ്ദം കേട്ട് സംശയം തോന്നിയ അയൽവാസികൾ ഒരാഴ്ച മുമ്പ് വിവരം സ്പെഷ്യൽ ബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിന്റെ വിൽപ്പനയടക്കം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.

പൊലീസ് ചോദ്യംചെയ്യലിൽ മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് സ്ത്രീ മൊഴി നൽകി. പോലീസ് വീണ്ടെടുത്ത കുഞ്ഞിനെ നിലവിൽ തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. യഥാർത്ഥ മാതാപിതാക്കളെ കുറിച്ച് സൂചനയുണ്ടെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Related Articles

Latest Articles