ദില്ലി : രാജ്യത്തുടനീളം റെയില്‍വേ സ്‌റ്റേഷന്‍ പരിസരവും കോച്ചുകളും വൃത്തിയാക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ റെയില്‍വേ. ജീവനക്കാരെ കൊണ്ട് സാധിക്കാത്ത അല്ലെങ്കില്‍ എളുപ്പമല്ലാത്ത ട്രെയിനുകളുടെയും പ്ലാറ്റ്‌ഫോമുകളുടെയും ഭാഗങ്ങള്‍ വൃത്തിയാക്കാനാണ് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ റെയില്‍വെ തീരുമാനമെടുത്തത്. ഡ്രോണുകള്‍ ഉപയോഗിച്ചുളള ക്ലീനിങ് കാര്യക്ഷമതയും കൃത്യതയുമുള്ളതാണ്.
ശുചിത്വമുള്ള റെയില്‍വേ എന്ന സ്വപ്നത്തിലേക്ക് ഇതൊരു കുതിച്ചുചാട്ടമാണിതെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. കുറച്ച് കാലങ്ങളായി ഇന്ത്യന്‍ റെയില്‍വേ ഡ്രോണുകള്‍ പല തരത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷയും പരിപാലനവും സംബന്ധിച്ച തത്സമയ വിവരങ്ങള്‍ ലഭിക്കുന്നതിനായി 2018 ല്‍ ഡ്രോണുകള്‍ അവതരിപ്പിച്ചിരുന്നു. 2020 ല്‍ ഡ്രോണുകളില്‍ തത്സമയ ട്രാക്കിങ്, വിഡിയോ സ്ട്രീമങ്, ഓട്ടോമാറ്റിക് ഫെയില്‍സേഫ് മോഡ് എന്നിവ ഉപയോഗിച്ച് നിരീക്ഷണം കാര്യക്ഷമമാക്കിയിരുന്നു.

