ദില്ലി :ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻജി ഭാഗവതിന് നാളെ എഴുപത്തിയഞ്ചാം പിറന്നാൾ. 16 വർഷത്തിലേറെയായി സംഘത്തിന്റെ മാർഗദർശിയും തത്വജ്ഞാനിയും ആയി നേതൃത്വം വഹിക്കുന്ന അദ്ദേഹം ആർഎസ്എസ്സിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച മൂന്നാമത്തെ സർസംഘചാലകാണ്.
1950 സെപ്റ്റംബർ 11-ന് മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ ജനിച്ച മോഹൻജി ഭാഗവത്, ആർ.എസ്.എസ്സിന്റെ മൂന്നാമത്തെ സർസംഘചാലകനായ മധുകർ ദത്താത്രേയ ദേവറസ് (ബാലാസാഹെബ്), രണ്ടാമത്തെ സർസംഘചാലകനായ എം.എസ്. ഗോൾവൽക്കർ എന്നിവർക്ക് ശേഷം ഏറ്റവും കൂടുതൽ കാലം ഈ പദവിയിൽ തുടരുന്ന വ്യക്തിയാണ്. ബാലാസാഹെബ് 20 വർഷത്തിലേറെയും ഗോൾവൽക്കർ 32 വർഷത്തിലേറെയും സംഘത്തെ നയിച്ചിട്ടുണ്ട്.
ഏകദേശം 50 വർഷം മുമ്പ് ആർ.എസ്.എസ്സിന്റെ പ്രചാരകനായി തന്റെ പ്രവർത്തനം ആരംഭിച്ച മോഹൻജി ഭഗവത്, സംഘത്തിലെ വിവിധ തലങ്ങളിലൂടെ ഉയർന്ന് 2009 മാർച്ചിലാണ് സർസംഘചാലക് പദവി ഏറ്റെടുത്തത്. ഒരു മുഴുസമയ ആർ.എസ്.എസ്. പ്രവർത്തകനായ പ്രചാരകൻ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ് മധുകർറാവു ഭാഗവത്. സർസംഘചാലകനാകുന്നതിനു മുൻപ് ആർ.എസ്.എസ്സിന്റെ സർകാര്യവാഹ് (ജനറൽ സെക്രട്ടറി) ആയിരുന്നു അദ്ദേഹം. അതിനുമുമ്പ്, അഖിൽ ഭാരതീയ ശാരീരിക് പ്രമുഖ് (ശാരീരിക പരിശീലനത്തിന്റെ ദേശീയ ചുമതലക്കാരൻ) സ്ഥാനവും വഹിച്ചിട്ടുണ്ട്.
എഴുപത്തിയഞ്ചാം വയസിൽ അദ്ദേഹം സംഘത്തിന്റെ ചുമതലകളിൽ നിന്ന് വിരമിക്കുമോ എന്നതിനെ കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു.കഴിഞ്ഞ മാസം വിജ്ഞാൻ ഭവനിൽ നടന്ന മൂന്ന് ദിവസത്തെ പ്രഭാഷണ പരമ്പരയിൽ അത്തരം ചോദ്യങ്ങൾക്ക് അദ്ദേഹം കൃത്യമായി മറുപടിയും നൽകി,
“ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും വിരമിക്കാൻ ഞങ്ങൾ തയ്യാറാണ്, സംഘം ആവശ്യപ്പെടുന്നിടത്തോളം കാലം പ്രവർത്തിക്കാനും ഞങ്ങൾ സന്നദ്ധരാണ്, ഞാൻ വിരമിക്കുമെന്നോ മറ്റാരെങ്കിലും വിരമിക്കണം എന്നോ ഒരിക്കലും പറഞ്ഞിട്ടില്ല,സംഘത്തിൽ, സ്വയംസേവകർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു ജോലി നൽകുന്നു.സംഘം പറയുന്നത് എന്തും ഞങ്ങൾ ചെയ്യും.”- അദ്ദേഹം വിശദീകരിച്ചു.
മോഹൻജി ഭാഗവതിന്റെ നേതൃത്വത്തിൽ ആർഎസ്എസ്. വലിയ വളർച്ച കൈവരിക്കുകയും സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ സ്വാധീനം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ അടുത്തിരിക്കെ, അദ്ദേഹത്തിന്റെ ദീർഘകാല നേതൃത്വവും നിലപാടുകളും വലിയ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്.

