Friday, December 12, 2025

ബെംഗളൂരുവിൽ പട്ടാപ്പകല്‍ വന്‍ കവർച്ച !! എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ട് പോയ ഏഴുകോടിയോളം രൂപ കൊള്ളയടിച്ചു; സംഘമെത്തിയത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന വ്യാജേനെ

ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ കൊള്ള. എടിഎമ്മുകളില്‍ നിറയ്ക്കാനായി സ്വകാര്യകരാർ കമ്പനി കവചിത വാഹനത്തിൽ കൊണ്ടുപോയ ഏഴുകോടിയോളം രൂപയാണ് കൊള്ളയടിച്ചത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ സംഘമാണ് പണം കവര്‍ന്നത്.ജയനഗറിലെ അശോക് പില്ലറിന് സമീപം സിസിടിവി നിരീക്ഷണം ഇല്ലാത്തയിടത്താണ് രാവിലെ പത്ത് മണിയോടെ കവർച്ച നടന്നത്.

എടിഎമ്മില്‍ പണം നിറയ്ക്കാന്‍ പോയ വാഹനത്തില്‍ രണ്ട് ജീവനക്കാര്‍ ഉണ്ടായിരുന്നു. അശോക് പില്ലറിന് സമീപമെത്തിയപ്പോള്‍ ഒരു ഇന്നോവ കാറില്‍ എത്തിയ സംഘം തങ്ങള്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട്, പണം കൊണ്ടുപോയ വാഹനത്തിന് കുറുകെ കാര്‍ നിര്‍ത്തിയിട്ടു. ഇവര്‍ ഐഡി കാര്‍ഡുകള്‍ കാണിക്കുകയും രേഖകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് വിശ്വസിച്ച ജീവനക്കാരെ വാഹനത്തിനുള്ളിലേക്ക് കയറ്റുകയും പണം ഇന്നോവ കാറിലേക്ക് മാറ്റുകയും ചെയ്തു. വിശ്വാസം ഉറപ്പിക്കുന്നതിനായി ജീവനക്കാരില്‍ നിന്ന് പല പേപ്പറുകളും സംഘം ഒപ്പിട്ട് വാങ്ങുകയും ചെയ്തു. കുറച്ചു ദൂരം സഞ്ചരിച്ച ശേഷം ഡയറി സര്‍ക്കിളില്‍ എത്തിയപ്പോള്‍, ജീവനക്കാരെ ബലം പ്രയോഗിച്ച് കാറില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് കൊള്ളസംഘം ബെന്നാര്‍ഘട്ട റോഡിലൂടെ അതിവേഗം കടന്നു കളയുകയായിരുന്നു. കവർച്ചാ സംഘമെത്തിയ ഇന്നോവ കാറിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നഗരത്തിൽ ഓടുന്ന ഒരു സ്വിഫ്റ്റ് ഡിസയറർ കാറിന്റെ നമ്പറാണ് മോഷ്ടാക്കൾ ഉപയോഗിച്ചത്.

സംഭവത്തെ തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. നഗരത്തിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച്, സംഘം ഏത് ദിശയിലേക്കാണ് പോയതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഈ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കവർച്ച നടന്ന് 15 മിനിട്ടിന് ശേഷമാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് ജീവനക്കാരെ ചോദ്യം ചെയ്യുകയാണ്.

Related Articles

Latest Articles