ഭാരതത്തിന്റെ ഭരണ ചക്രം ആര് ഭരിക്കണമെന്ന ജനവിധി പുറത്തു വന്നിരിക്കുന്നു. ലീഡ് ചെയ്യുന്നതുൾപ്പെടെ 240 സീറ്റുകൾ നേടി ബിജെപി രാജ്യത്തെ ഒറ്റ കക്ഷിയായി. അപ്രതീക്ഷിതമായ ജനവിധിയിൽ പല പ്രമുഖരും കടപുഴകിയെങ്കിലും യാതൊരു കുലുക്കവുമില്ലാതെ തൽസ്ഥാനത്ത് തുടർന്നവരുമുണ്ട്. 95 ൽ പുറത്തിറങ്ങിയ കിംഗ് എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ഐഎഎസ് കഥാപാത്രം തന്റെ ജൂനിയറായ വാണി വിശ്വനാഥ് അവതരിപ്പിച്ച കഥാപാത്രത്തോട് ഇന്ത്യയെ കുറിച്ച് വിവരിക്കുന്നത് നാം അത്ഭുതത്തോടെ കേട്ടിരിന്നിട്ടുണ്ട്. ഉത്തരങ്ങൾ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നും നീ പഠിച്ച ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ. കോടിക്കണക്കിന് പട്ടിണിക്കാരുടെ നിരക്ഷരരുടെയും ഇന്ത്യ. കൂട്ടിക്കൊടുപ്പുകാരുടെയും വേശികളുടെയും തോട്ടികളുടെയും കുഷ്ഠരോഗികളുടെയും ഇന്ത്യ. ജഡ്ക വലിച്ചു വലിച്ച് ചോര തുപ്പുന്നവന്റെ ഇന്ത്യ .മക്കൾ ഒരു നേരം വയറുനിറച്ചു ഉണ്ണാൻ വേണ്ടി സ്വന്തം ഗർഭപാത്രം വരെ വിൽക്കുന്ന അമ്മമാരുടെ ഇന്ത്യ ഇങ്ങനെ തുടർന്ന് പോകുന്ന ഈ വാചക കസർത്തിന് ഇന്നായിരുന്നെങ്കിൽ തിയറ്ററിൽ കൂകൽ കിട്ടുമായിരുന്നു എന്നുറപ്പാണ്. കാരണം കഴിഞ്ഞ 10 വർഷത്തിനിടെ നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങൾ ഒട്ടനവധിയാണ്. നിങ്ങളുടെ ഇന്ത്യൻ പാസ്പോർട്ട് കണ്ട് മറ്റൊരു രാജ്യത്ത് ഇന്ന് നിങ്ങൾ ബഹുമാനിക്കപ്പെടുന്നുണ്ട് എങ്കിൽ അതിന് കാരണം പതിറ്റാണ്ടുകളായി നമ്മളെ ഭരിച്ചു മുടിച്ച ഒരു കൂട്ടർ ആയിരിക്കില്ല എന്ന കാര്യം ഉറപ്പാണ്. മാറ്റം എന്നത് എന്നും മനുഷ്യന്റെ മാനസികമായ ആവശ്യമാണ്. ലഭിക്കുന്നത് എത്ര നല്ലതാണെങ്കിലും കുറച്ച് കഴിഞ്ഞാൽ അവൻ മറ്റൊന്ന് ആഗ്രഹിക്കും. വീട്ടിൽ ലഭിക്കുന്ന ഭക്ഷണം എത്ര നല്ലതാണെങ്കിലും അവൻ ഹോട്ടൽ ഭക്ഷണം തേടി പോകും. അത് ഒരിക്കലും വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം നല്ലതല്ലാത്തതുകൊണ്ടോ ആരോഗ്യകരമല്ലാത്തതു കൊണ്ടോ അല്ല. ഈ സൈക്കോളജിയാണ് മറ്റൊരു തരത്തിൽ ഭരണ വിരുദ്ധത എന്ന് പറയാം. അങ്ങനെ ഒരു തരംഗത്തിനെ അതി ജീവിച്ച് ബിജെപി നേടിയ ഉയർന്ന സീറ്റ് നില എന്നത് കഴിഞ്ഞ പത്ത് വർഷം രാജ്യത്ത് നടപ്പിലാക്കിയ വികസന പദ്ധതികളുടെ അംഗീകാരമാണ്.
ഒരു പ്രദേശത്ത് വികസനമെത്തുന്നത് അവിടത്തെ ഗതാഗത സൗകര്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും. ഇന്ന് ലോകത്ത് അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റോഡ് വികസനം നടന്ന രാജ്യം ഭാരതമാണ്. ഇന്ത്യയിൽ പത്ത് വർഷത്തിനിടെ നടന്ന റോഡ് വികസനം ലോകത്ത് മറ്റൊരിടത്തും ഉണ്ടായിട്ടില്ല. അതിന് ചുക്കാൻ പിടിച്ചതാകട്ടെ ഉപരിതല ഗതാഗത വകുപ്പിൻ്റെ ചുമതലയുള്ള കേന്ദ്ര കാബിനറ്റ് മന്ത്രി നിതിൻ ഗഡ്കരിയും. ജനങ്ങൾക്കായി അവരുടെ ക്ഷേമത്തിനായി ചെയ്ത കാര്യങ്ങൾ ഒരിടത്തും വിളിച്ച് പറഞ്ഞ് സ്വയം പൊങ്ങി നടക്കാത്ത ഒരു നേതാവ് കൂടിയാണ് അദ്ദേഹം. ബസ് സ്റ്റാൻഡിൽ ഒരു മൂത്രപ്പുര പണിഞ്ഞാൽ അവിടെ തന്റെ പേര് എഴുതണമെന്ന് ശഠിക്കുന്ന നേതാക്കളുള്ള അതെ കാലത്താണ് നിതിൻ ഗഡ്കരിയും ജീവിക്കുന്നത് എന്നത് പ്രത്യേകം ഓർമിക്കണം. ഒരു റോഡ് പണിത് അതിന്റെ ടാറ് ഉണങ്ങുന്നതിന് മുൻപ് അതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാൻ ഫ്ലക്‌സടിക്കാൻ ഓടുന്ന നേതാക്കളെ മാത്രം പരിചയമുള്ള നമുക്ക് ഇങ്ങനെയൊരു നേതാവിനെ സങ്കൽപ്പിക്കാൻ കഴിയില്ല. കക്ഷി ഭേദമന്യേ പ്രതിപക്ഷ ബഹുമാനത്തോടെ ഏവരെയും അംഗീകരിക്കുന്നയാൾ കൂടിയാണ് അദ്ദേഹം. കേരളത്തിലെത്തുമ്പോൾ പിണറായിയെ സന്ദർശിച്ചതും ഉച്ചഭക്ഷണം കഴിച്ചതും ഒരു പക്ഷെ മറ്റൊരു നേതാവിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാൻ കഴിയുമോ ?
ഇത്തവണ നാഗ്പൂരിൽ നിന്ന് ജനവിധി തേടിയപ്പോൾ അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടത് ഒറ്റ കാര്യമാണ്. എന്റെ പേരിൽ ഒരു നോട്ടീസ് പോലും അടിക്കരുത്. തന്റെ വികസന പ്രവർത്തനങ്ങൾ ഇഷ്ടപ്പെട്ടെങ്കിൽ ജനം തനിക്ക് വോട്ട് ചെയ്യട്ടെ. ഇന്ന് ഫലം വന്നപ്പോൾ കാതടപ്പിച്ച് പ്രചാരണം നടത്തിയ കോൺഗ്രസ് എതിർസ്ഥാനാർഥിയെ അദ്ദേഹം പിന്തള്ളിയത് ഒരു ലക്ഷം വോട്ടുകൾക്കാണ്. തന്റെ പാത ശരിയായിരുന്നുവെന്ന് അദ്ദേഹത്തിന് കാലം നൽകിയ മറുപടിയായി ഈ ജനവിധി മാറി എന്നതിൽ സംശയമില്ല.

