Tuesday, December 16, 2025

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ വൻ ​ഗൂഢാലോചന ; ഓട്ടോയുടെ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്

കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ കൊണ്ടുപോയ ഓട്ടോയുടെ വിവരങ്ങൾ പോലീസ് പങ്കുവച്ചിരിക്കുകയാണ്. കൊല്ലം രജിസ്ട്രേഷനായ ഓട്ടോയുടെ മുന്നിൽ ചുവന്ന പെയിന്റിം​ഗും ​ഗ്ലാസിൽ എഴുത്തുമുണ്ട്. വാഹനത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ചിറക്കര സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് ‌പിന്നിൽ വൻ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കുട്ടിയുമായി ആദ്യം കാറിലും പിന്നീട് സംഘം ഓട്ടോയിലുമാണ് സഞ്ചരിച്ചത്. കാറിന് ഒന്നിലധികം വ്യാജ നമ്പറുകൾ ഉണ്ടെന്നും ഒരേ റൂട്ടിൽ പല നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് ഓടിച്ചതായും പോലീസ് കണ്ടെത്തി. അതേസമയം, കാർ വാടകയ്‌ക്ക് എടുത്തതാണെന്നാണ് പോലീസ് സംശയിക്കുന്നത്. ചിറയ്‌ക്കൽ, ചാത്തനൂർ ഭാ​ഗത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷം വാഹനം പല പ്രാവശ്യമായി കറങ്ങിയിരിക്കുന്നത്.

ആദ്യം കിട്ടിയ നമ്പർ പ്ലേറ്റ് മലപ്പുറം സ്വദേശിയുടേതായിരുന്നു. പിന്നീട് വെള്ള സ്വിഫ്റ്റ് കാറാണ് സിസിടിവിയിൽ പതിഞ്ഞത്. എന്നാൽ, ഇതിന്റെ നമ്പർ വേറെയായിരുന്നു. ആദ്യം പോലീസ് ഇത് കണക്കാക്കിയില്ലെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലാണ് ഈ കാർ തന്നെയാണ് പല നമ്പറുമായി ദേശീയപാതയിലൂടെ കടന്നുപോയതെന്ന് കണ്ടെത്തുകയായിരുന്നു. ഒന്നിലധികം നമ്പർ ഉപയോ​ഗിച്ച് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധ തിരിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

കുട്ടിയെ തട്ടിക്കൊണ്ട് പോയ ശേഷം ഒരു സ്ത്രീ പുറത്ത് പോയി ഭക്ഷണം വാങ്ങിയെന്നും വാഹനത്തിൽ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് ഉണ്ടായിരുന്നതെന്നും കുട്ടി മൊഴി നൽകിയിരിക്കുകയാണ്. പ്രതികൾ തമ്മിൽ പരസ്പരം സംസാരം കുറവായിരുന്നുവെന്നും തന്നെ തിരികെ കൊണ്ടു വിടുമ്പോഴും മൂന്ന് പേർ വാഹനത്തിൽ ഉണ്ടായിരുന്നതായും കുട്ടി പറയുന്നു. കൊല്ലം മജിസ്ട്രേറ്റിന് മുൻപാകെയാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. കൊല്ലം വിക്ടോറിയ ആശുപത്രിയിൽ കഴിഞ്ഞിരുന്ന കുട്ടി ഇന്നലെ ആശുപത്രി വിട്ടു. ഇന്ന് കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചിരിക്കുകയാണ്.

Related Articles

Latest Articles