രാജസ്ഥാനിലെ അജ്മീറിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. രണ്ട് സ്ത്രീകളും നാലുവയസ്സുള്ള കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അജ്മീറിലെ ഹോട്ടല്‍ നാസിൽ തീപ്പിടിത്തമുണ്ടായത്. സംഭവസമയത്ത് 18 പേര്‍ ഹോട്ടലില്‍ താമസമുണ്ടായിരുന്നു. അജ്മീര്‍ തീര്‍ഥാടനത്തിനെത്തിയവരാണ് ഹോട്ടലില്‍ താസിച്ചിരുന്നതെന്നാണ് വിവരം. എട്ടു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപിപ്പിച്ചു.
ഹോട്ടലിലുണ്ടായിരുന്നവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെടുന്നതിനായി മുകളില്‍നിന്ന് താഴേക്ക് ചാടിയതായും അഗ്നിരക്ഷാസേനാംഗങ്ങളും പോലീസ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിടെ ശ്വാസം ലഭിക്കാതെ ബോധരഹിതരായതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുഞ്ഞിനെ രക്ഷിക്കുന്നതിനായി ഒരു സ്ത്രീ മൂന്നാംനിലയില്‍ നിന്ന് താഴേക്കെറിഞ്ഞതായി ഹോട്ടലില്‍ താമസിച്ചിരുന്ന ഒരാള്‍ പറഞ്ഞു. നിസാരപരിക്കുകളോടെ കുഞ്ഞ് ചികിത്സയിലാണ്. സ്ത്രീയും ചാടാന്‍ ശ്രമിച്ചുവെങ്കിലും മറ്റുള്ളവര്‍ തടഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

