Monday, December 15, 2025

13,988 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കൂറ്റൻ മദർഷിപ്പ്; ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയുടെ കപ്പൽ വിഴിഞ്ഞത്തേക്ക്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് മറ്റൊരു കൂറ്റൻ മദർഷിപ്പ് കൂടി എത്തുന്നു. ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനികളിലൊന്നായ എം.എസ്.സിയുടെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ ‘ഡെയ്ല’ എന്ന കണ്ടെയ്നർ കപ്പലാണ് ഈ മാസം 30 ന് വിഴിഞ്ഞം തുറമുഖ ബർത്തിൽ നങ്കൂരമിടുക.13,988 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള 51 മീറ്റർ വീതിയും 366 മീറ്റർ നീളവുമുള്ള കൂറ്റൻ കണ്ടെയ്നർ കപ്പലാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്.

കഴിഞ്ഞ മാസം 12 ന് വിഴിഞ്ഞത്തെത്തി മടങ്ങിയ സാൻ ഫെർണാണ്ടോ എന്ന മദർഷിപ്പാണ് വിഴിഞ്ഞത്ത് ഇതുവരെ എത്തിയതിൽ ഏറ്റവും വലിയ കപ്പൽ. 2500 കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തെത്തിയ സാൻ ഫെർണാണ്ടോയിൽ നിന്നും 1960 കണ്ടെയ്നറുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ വിഴിഞ്ഞത്ത് ഇറക്കിയത്. 30 ന് വിഴിഞ്ഞത്തെത്തുന്ന എം.എസ്.സി ഡെയ്ല എന്ന മദർഷിപ്പ് ആഫ്രിക്കയിൽ നിന്ന് മുംബൈ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. ആദ്യഘട്ട ഉദ്ഘാടനം അടുത്ത മാസം നടത്താനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതിന്‍റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തിൽ തുറമുഖത്തിന്‍റെ ചരക്ക് നീക്കൽ ശേഷി ശക്തിപ്പെടുത്താനായി കണ്ടെയ്നറുകളുമായി കൂറ്റൻ മദർഷിപ്പുകളെ വിഴിഞ്ഞത്തേക്ക് എത്തിക്കുന്നത്.

Related Articles

Latest Articles