കോട്ടയം: ഏറ്റുമാനൂർ റെയില്‍വേ ട്രാക്കില്‍ രണ്ട് പെണ്‍കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി.പാറോലിക്കല്‍ സ്വദേശികളായ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. കോട്ടയം – നിലമ്പൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ ആണ് ഇവരെ ഇടിച്ചത്. പുലര്‍ച്ചെ 5.20 ന് ഈ ട്രെയിന്‍ അപകടസ്ഥലത്ത് എത്തിയിരുന്നു. ഈ സമയം ട്രെയിനിന് മുന്നിലേക്ക് മൂന്ന് പേര്‍ ചാടുകയായിരുന്നു. അതേസമയം ഹോണ്‍ അടിച്ചിട്ട് മാറിയില്ലെന്നും മൂന്ന് പേരും ട്രെയിനിന് മുമ്പിലേക്ക് ചാടുകയായിരുന്നുവെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. അത്കൊണ്ട് തന്നെ ഇത് ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്.
ലോക്കോ പൈലറ്റ് തന്നെയാണ് ഈ സംഭവം റെയില്‍വേയില്‍ അറിയിച്ചത്.മൂന്ന് പേരുടേയും ശരീര ഭാഗങ്ങള്‍ ചിന്നിത്തെറിച്ച നിലയിലായിരുന്നു. പുലര്‍ച്ചെയോടെ ആണ് നാട്ടുകാരില്‍ ചിലര്‍ മൃതദേഹം റെയില്‍വേ ട്രാക്കിനടുത്ത് കണ്ടെത്തിയത്.സ്ത്രീയുടേയും ഒരു കുട്ടിയുടേയും ചെരുപ്പുകള്‍ റെയില്‍വേ ട്രാക്കിലുണ്ട്. ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. പാറോലിക്കല്‍ റെയില്‍വേ ഗേറ്റിന് സമീപത്തായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിന്‍ കയറി ഇറങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. അതിനാല്‍ മൂന്ന് മൃതദേഹങ്ങളും പൂര്‍ണമായും തിരിച്ചറിയാനാകാത്ത രീതിയിലാണ്. കാലിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളുമാണ് പൊലീസിന് തിരിച്ചറിയാന്‍ സാധിച്ചിരിക്കുന്നത്.

