തൃശ്ശൂര്‍ : റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി വിവരം. യുക്രെയ്ൻ – റഷ്യ യുദ്ധത്തിനിടെ കുട്ടനെല്ലൂര്‍ സ്വദേശിയായ ബിനില്‍ ബാബു കൊല്ലപ്പെട്ടെന്ന നോര്‍ക്കയുടെ അറിയിപ്പ് തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന് ലഭിച്ചു. ബിനിലിനൊപ്പം റഷ്യയില്‍ ജോലിക്കുപോയ ജയന്‍ കുര്യനും യുദ്ധത്തില്‍ ഗുരുതര പരിക്കേറ്റതായാണ് വിവരം. ഇയാൾ മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
മനുഷ്യക്കടത്ത് സംഘത്തിന്റെ തട്ടിപ്പില്‍പ്പെട്ടാണ് പല യുവാക്കളും റഷ്യന്‍ കൂലിപ്പട്ടാളത്തിന്റെ ഭാഗമായി മാറുന്നത്. വന്‍ ശമ്പളം വാഗ്ദാനം ചെയ്താണ് പല യുവാക്കളെയും കബളിപ്പിക്കുന്നത്. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും മൊബൈല്‍ ഫോണും കൈവശപ്പെടുത്തിയശേഷം വളരെ ചുരുങ്ങിയ കാലത്തെ പരിശീലനം നല്‍കിയശേഷം യുവാക്കളെ സൈനികര്‍ക്കൊപ്പം യുദ്ധഭൂമിയിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്.

