Saturday, December 13, 2025

ഭൗമ നിരീക്ഷണ രംഗത്ത് പുതിയ യുഗം ! അഭിമാന നേട്ടവുമായി ഐഎസ്ആർഒ ;നൈസാര്‍ ഉപഗ്രഹ വിക്ഷേപണം വിജയകരം

ഭൗമ നിരീക്ഷണ രംഗത്ത് പുതിയൊരു യുഗത്തിന് തുടക്കമിട്ട്, ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആർഒയും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും സംയുക്തമായി വികസിപ്പിച്ച അത്യാധുനിക ഉപഗ്രഹമായ NISAR (നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ സാറ്റലൈറ്റ്) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഐഎസ്ആർഒയുടെ കരുത്തുറ്റ ജിഎസ്എൽവി-എഫ്16 റോക്കറ്റാണ് NISAR ഉപഗ്രഹത്തെയും വഹിച്ച് കുതിച്ചുയർന്നത്.

പ്രധാന സവിശേഷതകൾ:

ലോകത്ത് ആദ്യമായി രണ്ട് ‘സാര്‍’ (SAR) റഡാറുകളുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് NISAR. 13,000 കോടി രൂപയിലേറെ ചെലവ് വരുന്ന ഈ പദ്ധതി, ഐഎസ്ആർഒ ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും ചെലവേറിയ കൃത്രിമ ഉപഗ്രഹമാണ്. നാസയും ഐഎസ്ആർഒയും സംയുക്തമായാണ് പദ്ധതിയുടെ മുതൽമുടക്ക് വഹിച്ചിരിക്കുന്നത്. 2,400 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഭൂമിയിൽ നിന്ന് 747 കിലോമീറ്റർ അകലെ, ധ്രുവീയ ഭ്രമണപഥത്തിലൂടെയാണ് സഞ്ചരിക്കുക.

സാങ്കേതിക മികവ്:

ഐഎസ്ആർഒയുടെ എസ്-ബാൻഡ് റഡാറും നാസയുടെ എൽ-ബാൻഡ് റഡാറും NISAR-ൽ ഭൂമിയെ പൂർണ്ണമായും സ്കാൻ ചെയ്യും. രാപകൽ ഭേദമില്ലാതെ, ഏത് കാലാവസ്ഥയിലും ഭൂമിയിലെ ഓരോ ഇഞ്ചും അതിസൂക്ഷ്മമായി പകർത്താൻ കഴിയുന്ന തരത്തിലാണ് NISAR സാറ്റലൈറ്റിലെ ഇരട്ട റഡാറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ഈ ദൗത്യത്തിന്റെ പ്രധാന സാങ്കേതിക മികവാണ്.

ഉപയോഗങ്ങൾ:

പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകാനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും, കാലാവസ്ഥാ നിരീക്ഷണത്തിനും, കാർഷിക മേഖലയ്ക്കും NISAR ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ ഏറെ സഹായകമാകും.

ഉരുൾപ്പൊട്ടലുകൾ, മണ്ണിടിച്ചിലുകൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, ഭൂകമ്പങ്ങൾ എന്നിവയെല്ലാം NISAR-ന്റെ റഡാർ ദൃഷ്ടിയിൽ കൃത്യമായി പതിയും.

കടലിലെ മാറ്റങ്ങൾ, നദികളുടെ ഒഴുക്ക്, തീരശോഷണം, മണ്ണൊലിപ്പ് എന്നിവയും റഡാറുകൾ ഒപ്പിയെടുക്കും.

കാട്ടുതീ, ഹിമാനികളുടെ ചലനം, മഞ്ഞുപാളികളിലെ മാറ്റം എന്നിവ തിരിച്ചറിയാനും ഇതിന് കഴിയും.

കൃഷിഭൂമിയിലെ മണ്ണിന്റെ ഈർപ്പം, വിളകളുടെ വളർച്ച, വനങ്ങളിലെ പച്ചപ്പ് എന്നിവ നിരീക്ഷിക്കാനും NISAR ഉപഗ്രഹത്തിന് ശേഷിയുണ്ട്.

പന്ത്രണ്ട് ദിവസത്തിലൊരിക്കലെങ്കിലും ഭൂമിയിലെ ഓരോ ഇഞ്ചും NISAR സാറ്റലൈറ്റിലെ റഡാറുകൾ സൂക്ഷ്മമായി പകർത്തും. ഈ പരിശോധനയിൽ തെളിയുന്ന കണ്ടെത്തലുകൾ പ്രകൃതി ദുരന്ത മുന്നറിയിപ്പുകൾ നൽകുന്നതിൽ നിർണായക പങ്കുവഹിക്കും. NISAR ശേഖരിക്കുന്ന വിവരങ്ങൾ പൊതുഉപയോഗത്തിനായി ഐഎസ്ആർഒയും നാസയും സൗജന്യമായി ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

Related Articles

Latest Articles