കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പോളിനെ കോഴിക്കോട് ആശുപത്രിയിൽ എത്തിക്കാനായി ഹെലികോപ്റ്റർ എത്തിയെങ്കിലും ഉപയോഗിക്കാനായില്ല.ആക്രമണത്തിൽ പരിക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് കൊണ്ടുപോകാനാണ് വനംമന്ത്രിയുടെ നിർദേശപ്രകാരം കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തിയത്. ഗുരുതരാവസ്ഥയിൽ കിടന്ന് മാത്രം യാത്ര ചെയ്യാൻ കഴിയുന്ന രോഗിയെ എയർ ലിഫ്റ്റ് ചെയ്യുമ്പോൾ രോഗിയെ കിടത്തിക്കൊണ്ട് പോകാൻ സൗകര്യമുള്ള ഐസിയു ഹെലികോപ്റ്ററാണ് ഉപയോഗിക്കേണ്ടത്. എന്നാൽ വന്നതാകട്ടെ ഇരുന്ന് സഞ്ചരിക്കാൻ സാധിക്കുന്ന ഹെലികോപ്ടറും.
കാട്ടാനയുടെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പോളിനെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. പോളിനെ ചികിത്സിക്കാനാവശ്യമായ സജ്ജീകരണങ്ങൾ വയനാട് മെഡിക്കൽ കോളേജിൽ ഇല്ലാതിരുന്നതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്തി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് എയർ ആംബുലൻസ് എത്തിച്ച് പോളിനെ ആശുപത്രിയിൽ എത്തിക്കാൻ തീരുമാനിച്ചത്.
മാനന്തവാടി ജിവിഎച്ച്എസ്എസ്. ഗ്രൗണ്ടിൽ ഒരുമണിയോടെയാണ് ഹെലികോപ്റ്റർ ഇറക്കിയത്. ഈ ഹെലികോപ്റ്ററിൽ കൊണ്ടുപോകാൻ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല പോൾ എന്ന് ഉറപ്പായതോടെ അരമണിക്കൂറോളം നിർത്തിയിട്ട ഹെലിക്കോപ്റ്റർ, ആംബുലൻസ് ചുരം കടന്നതോടെ തിരികെ പറന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ പോൾ മരണത്തിന് കീഴടങ്ങി.

