വ്യാജ തിരിച്ചറിയൽ രേഖകൾ ചമച്ച് പത്ത് വർഷത്തോളമായി രാജ്യത്ത് അനധികൃതമായി താമസിച്ചു വന്ന നാലംഗ പാക് കുടുംബത്തെ അറസ്റ്റ് ചെയ്‌തു. ബെംഗളൂരുവിന് സമീപമുള്ള രാജപുര ഗ്രാമത്തിൽ നിന്നാണ്
റാഷിദ് അലി സിദ്ദിഖി (48), ഇയാളുടെ ഭാര്യ ആയിഷ (38), മാതാപിതാക്കളായ ഹനീഫ് മുഹമ്മദ് (73), റുബീന (61) എന്നിവർ അറസ്റ്റിലായത്. ശങ്കർ ശർമ, ആശാ റാണി, രാം ബാബു ശർമ, റാണി ശർമ എന്നീ വ്യാജപ്പേരുകളിലാണ് ഇവർ ഇവിടെ താമസിച്ചിരുന്നത്.
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് പാകിസ്ഥാനികളെ വ്യാജ പാസ്‌പോർട്ടുമായി പിടികൂടിയതിന് പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരുവിൽ നിന്ന് നാലംഗ കുടുംബം അറസ്റ്റിലായത്. പോലീസ് വീട്ടിലെത്തിയപ്പോൾ കുടുംബം സ്ഥലം വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ചോദ്യം ചെയ്യലിൽ, താൻ 2018 മുതൽ ബംഗളൂരുവിൽ താമസിക്കുന്നുണ്ടെന്ന് ശർമ്മ എന്ന് സ്വയം പരിചയപ്പെടുത്തിയ സിദ്ദിഖി പറഞ്ഞു, കുടുംബത്തിൻ്റെ വ്യാജ ഇന്ത്യൻ പാസ്‌പോർട്ടുകളും ആധാർ കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. വീടിന്റെ ത്തിയിൽ എഴുതിയിരിക്കുന്ന ‘മെഹ്ദി ഫൗണ്ടേഷൻ ഇൻ്റർനാഷണൽ ജഷാൻ-ഇ-യൂനസ്’ കണ്ടെത്തി. ഇസ്ലാമിക പുരോഹിതരുടെ ഫോട്ടോകളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
കൂടുതൽ ചോദ്യം ചെയ്തപ്പോൾ, തങ്ങൾ പാകിസ്ഥാനിൽ നിന്നുള്ളവരാണെന്ന് സിദ്ദിഖി എന്ന ശങ്കർ ശർമ്മ സമ്മതിച്ചു. താൻ കറാച്ചിയിലെ ലിയാഖതാബാദിൽ നിന്നുള്ളയാളാണെന്നും ഭാര്യയും ലാഹോറിൽ നിന്നുള്ളവരാണെന്നും സിദ്ദിഖി മൊഴി നൽകി . 2011ൽ മാതാപിതാക്കളോടൊപ്പം ബംഗ്ലാദേശിൽ ആയിരിക്കുമ്പോൾ ഒരു ഓൺലൈൻ ചടങ്ങിലാണ് ആയിഷയെ താൻ വിവാഹം കഴിച്ചതെന്ന് സിദ്ദിഖി പറഞ്ഞു. പാകിസ്ഥാനിൽ മതനേതാക്കൾ പീഡിപ്പിക്കപ്പെട്ടതിനെത്തുടർന്ന് ബംഗ്ലാദേശിലേക്ക് പോയ സിദ്ദിഖി അവിടെ പ്രസംഗകനായി സേവനമനുഷ്ഠിക്കുകയും മെഹ്ദി ഫൗണ്ടേഷൻ അദ്ദേഹത്തിൻ്റെ ചെലവുകൾ വഹിക്കുകയും ചെയ്തു. എന്നാൽ 2014-ൽ സിദ്ദിഖി ബംഗ്ലാദേശിൽ ആക്രമിക്കപ്പെടുകയും ഇന്ത്യയിലെ മെഹ്ദി ഫൗണ്ടേഷനിൽ നിന്ന് പർവേസ് എന്ന വ്യക്തിയുമായി ബന്ധപ്പെടുകയും നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടക്കുകയും ചെയ്തു.
സിദ്ദിഖിയും ഭാര്യയും ഭാര്യാമാതാപിതാക്കളും ബന്ധുക്കളുമായ സൈനബി നൂർ, മുഹമ്മദ് യാസിൻ എന്നിവർക്കൊപ്പം ബംഗ്ലാദേശിൽ നിന്ന് പശ്ചിമ ബംഗാളിലെ മാൾഡ വഴി ഏജൻ്റുമാർ മുഖേന ഇന്ത്യയിലേക്ക് കടന്നു. ആദ്യം ദില്ലിയിലെത്തിയ കുടുംബം , ‘ശർമ്മ’ കുടുംബമെന്ന വ്യാജ ഐഡൻ്റിറ്റിയിൽ ആധാർ കാർഡുകൾ, പാസ്‌പോർട്ടുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവ നിർമ്മിച്ചെടുക്കുകയായിരുന്നു .
ഐപിസി സെക്ഷൻ 420 (വഞ്ചന), 468 (വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കൽ), 471 വ്യാജരേഖയോ ഇലക്ട്രോണിക് രേഖയോ ഉപയോഗിക്കൽ, പാസ്‌പോർട്ട് നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

