കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച വെങ്ങാനൂർ സ്വദേശി ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ ഓർമ്മകൾക്ക് ഇന്ന് കാൽ നൂറ്റാണ്ട്. 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ശത്രുവിന് കീഴടക്കാന്‍ കഴിയാത്ത വിധം ഇന്ത്യയ്ക്ക് കവചം ഒരുക്കി വീര മൃത്യു വരിച്ച മലയാളിയാണ് ക്യാപ്റ്റന്‍ ജെറി പ്രേംരാജ്. തലസ്ഥാന നഗരിയുടെ തെക്കൻ ഗ്രാമ പ്രദേശമായ വെങ്ങാനൂരിൽ രത്‌നരാജിന്റെയും ചെല്ലതായുടെയും രണ്ടാമത്തെ മകനായ ജെറിക്ക് കുട്ടിക്കാലം മുതൽക്ക് സാഹസിക ജീവിതത്തിലായിരുന്നു താല്‍പര്യം. ആ താല്പര്യമാണ് ജെറിയെ ധീരജവാനാക്കി മാറ്റിയത് .
17-ാം വയസിൽ എയർ ഫോഴ്‌സിൽ ജോലി നേടി. ഏഴ് വർഷം എയർ ഫോഴ്‌സിൽ സേവനമനുഷ്ഠിച്ച ജെറിയുടെ സ്വപ്നങ്ങൾ അവിടെ അവസാനിച്ചിരുന്നില്ല. ഇന്ത്യൻ മിലിറ്ററിയിൽ ഓഫീസറാകുകയെന്ന ആഗ്രഹവും നേടിയെടുത്തു. ഒരു കൊല്ലത്തെ ട്രെയിനിങ്ങിനു ശേഷം മീററ്റിൽ ആദ്യ പോസ്‌റ്റിങ്.
വിവാഹ അവധിക്ക് നാട്ടിലെത്തിയ ജെറിയുടെ മധുവിധു നാളുകളിലാണ് തിരികെ അടിയന്തരമായി ഡ്യൂട്ടിയിൽ പ്രവേശിക്കാനുള്ള നിർദേശം ലഭിക്കുന്നത്. തുടർന്ന് കാർഗിൽ മഞ്ഞുമടക്കിലെ യുദ്ധഭൂമിയിലേക്ക്. ശേഷം ഓപ്പറേഷൻ വിജയ് എന്ന യൂണിറ്റിൽ.1999 ജൂലായ് 6ന് രാത്രി, ദ്രാസ് സെക്ടറിലെ പോയിന്റ് 4875 (ഗൺ ഹിൽ) ഏരിയായിലെ ഇരട്ട ബമ്പുകൾക്ക് നേരെ ആക്രമണം നടത്തുമ്പോൾ ഫോർവേഡ് ഒബ്സർവേഷൻ പോസ്റ്റ് ഓഫീസറായിരുന്നു. ശത്രു വെടിവയ്പ്പിൽ അദ്ദേഹത്തിന് പരിക്കേറ്റു. എന്നിട്ടും ശത്രുക്കളുടെ ബങ്കറിലേക്ക് കരളുറപ്പോടെ നേർക്കുനേർ നിന്ന് ജെറി അവസാന ശ്വാസം വരെ പോരാടി. വീര മൃത്യു വരിച്ച ഈ യോദ്ധാവിനെ രാജ്യം “വീർ ചക്ര” ബഹുമതി നൽകി ആദരിച്ചു.
ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ ത്യാഗോജ്ജലമായ ജീവിതത്തെക്കുറിച്ച് തത്വമയി ഒരുക്കിയ പ്രത്യേക പരിപാടി ഇന്ന് രാത്രി 8 മണിക്ക് അൺസങ് ഹീറോസ് സീരീസിൽ വീക്ഷിക്കാവുന്നതാണ്.

